Connect with us

First Gear

കോംപാക്ട് എസ്യുവി നിരയില്‍ താരമായി ബ്രെസ; വില്‍പ്പനയില്‍ വന്‍ കുതിപ്പ്

വിറ്റാര ബ്രെസയ്ക്ക് നിലവില്‍ 7.61 ലക്ഷം രൂപ മുതല്‍ 11.19 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

Published

|

Last Updated

ന്യൂഡല്‍ഹി| ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന സെഗ്മെന്റാണ് സബ്4 മീറ്റര്‍ കോംപാക്ട് എസ്യുവിയുടേത്. പ്രമുഖ ബ്രാന്‍ഡുകളെല്ലാം സാന്നിധ്യമറിയിച്ച ശ്രേണിയില്‍ കഴിഞ്ഞ മാസത്തെ വില്‍പ്പനയുടെ കാര്യത്തില്‍ മാരുതി വിറ്റാര ബ്രെസയാണ് സെഗ്മെന്റില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഈ സബ്4 മീറ്റര്‍ എസ്യുവി 2021 നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ മൊത്തം 10,760 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്.

2020 നവംബറില്‍ വില്‍പന നടത്തിയ 7,838 യൂണിറ്റുകളെ അപേക്ഷിച്ച് 37.28 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിമാസ കണക്കുകള്‍ നോക്കിയാല്‍ 2021 ഒക്ടോബറിലെ 8,032 യൂണിറ്റുമായി തട്ടിച്ചുനോക്കിയാലും വിറ്റാര ബ്രെസയുടെ വില്‍പ്പന 2021 നവംബറില്‍ 33.96 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

മാരുതി വിറ്റാര ബ്രെസ ഒരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, ഇന്‍ലൈന്‍-4 പെട്രോള്‍ യൂണിറ്റാണ് എസ്യുവിയുടെ ഹൃദയം. ഇത് പരമാവധി 105 ബിഎച്ച്പി കരുത്തില്‍ 138 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. കൂടുതല്‍ കാര്യക്ഷമതക്കായി ഓട്ടോമാറ്റിക് പതിപ്പിന് മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനവും മാരുതി സുസുക്കി ഒരുക്കിയിട്ടുണ്ട്.

വിറ്റാര ബ്രെസയ്ക്ക് നിലവില്‍ 7.61 ലക്ഷം രൂപ മുതല്‍ 11.19 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 2016-ല്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് വിറ്റാര ബ്രെസയെ മാരുതി സുസുക്കി ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കുന്നത്. നിരത്തിലെത്തി അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ആറ് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് മോഡലിന് ലഭിച്ചിരിക്കുന്നത്. ആദ്യ കാലങ്ങളില്‍ ഡീസല്‍ എഞ്ചിന്‍ മാത്രമുള്ള വാഹനമായിരുന്നു ഈ സബ്-4 മീറ്റര്‍ എസ്യുവി. എന്നാല്‍ പിന്നീട് ബിഎസ് വിഐമലിനീകരണ ചട്ടം നടപ്പാക്കിയതിന്റെ ഭാഗമായി വാഹനം പൂര്‍ണമായും പെട്രോള്‍ എഞ്ചിനിലേക്ക് മാറി.

എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ, സെഡ്എക്‌സ്‌ഐ, സെഡ്എക്‌സ്‌ഐപ്ലസ് വേരിയന്റുകളിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ കോംപാക്ട് എസ്യുവിയെ വിപണിയില്‍ എത്തിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാല്‍ ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, പുതുക്കിയ എല്‍ഇഡി ഫോഗ് ലാമ്പുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത 16 ഇഞ്ച് അലോയ് വീലുകള്‍, പുനര്‍ രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍ എന്നിവയാണ് മോഡലിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള ടോര്‍ക്ക് ബ്ലൂ, ഓറഞ്ച് റൂഫുള്ള ഗ്രാനൈറ്റ് ഗ്രേ എന്നിങ്ങനെ മൂന്ന് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ വിറ്റാര ബ്രെസ തെരഞ്ഞെടുക്കാനാവുന്നത്. കൂടാതെ ബ്രെസ അടുത്ത വര്‍ഷം ആദ്യം ഇന്ത്യയില്‍ ഒരു തലമുറ മാറ്റത്തിന് വിധേയമാകാന്‍ പോകുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

 

Latest