Kerala
മണ്ഡല കാലത്ത് കൈക്കൂലി വാങ്ങിയ സംഭവം: നാലു പോലീസുകാര്‍ക്കെതിരെ നടപടി; പമ്പ സ്റ്റേഷനില്‍ നിന്ന് മാറ്റി
സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണമേഖലാ ഡി ഐ ജി. ആര്‍ നിശാന്തിനിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
പത്തനംതിട്ട | മണ്ഡല മകര വിളക്ക് കാലത്ത് കരാറുകാരിലും ഹോട്ടല്‍ നടത്തിപ്പുകാരിലും നിന്ന് കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ അടക്കം നാലു പോലീസുകാരെ പമ്പ സ്റ്റേഷനില്‍ നിന്ന് മാറ്റി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണമേഖലാ ഡി ഐ ജി. ആര്‍ നിശാന്തിനിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
സൂരജ് സി മാത്യു കരാറുകാരില്‍ നിന്ന് പണം കൈപ്പറ്റിയെന്നും ഇതു കിട്ടാതെ വന്ന മറ്റു മൂന്നു പേരും ചേര്‍ന്ന് വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നുമായിരുന്നു ഡി വൈ എസ് പിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇവര്‍ക്കെതിരേ വകുപ്പുതല അന്വേഷണവും നടപടിയുമുണ്ടാകും. ആരോപണ വിധേയനായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൂരജ് സി മാത്യു, വിവരം പുറത്തു വിട്ടുവെന്ന് ആരോപിക്കപ്പെടുന്ന എ എസ് ഐമാരായ മാനുവല്‍, അജി ജോസ്, സി പി ഒ. അഭിലാഷ് എന്നിവര്‍ക്കാണ് സ്ഥലം മാറ്റം. സൂരജിനെ അടൂരിലേക്കും മാനുവലിനെ റാന്നിയിലേക്കും അജി ജോസിനെ തിരുവല്ലയിലേക്കും അഭിലാഷിനെ കീഴ്വായ്പൂരിലേക്കുമാണ് മാറ്റിയിരിക്കുന്നത്.
സാധാരണ മണ്ഡല മകര വിളക്ക് കാലം കഴിഞ്ഞാല്‍ പമ്പയില്‍ കട നടത്തുന്നവരും ടോയ്‌ലറ്റ് സമുച്ചയവും വിരി വെക്കുന്ന സ്ഥലങ്ങളും കരാര്‍ എടുത്തവരും ഹോട്ടല്‍ ഉടമകളും പമ്പ പോലീസ് സ്റ്റേഷനില്‍ കൈക്കൂലി നല്‍കുന്ന പതിവുണ്ടെന്നാണ് ആരോപണം. കൊവിഡ് കാലത്തിന് ശേഷം ഇക്കുറി സമ്പൂര്‍ണമായി നടന്ന തീര്‍ഥാടന കാലത്ത് വന്‍ തുകയാണ് കൈക്കൂലിയായി കരാറുകാര്‍ പോലീസിന് നല്‍കിയിരുന്നത്. ഇത് റൈറ്ററായ സൂരജ് കൈവശമാണ് ഏല്‍പ്പിച്ചിരുന്നത്. കൈവശമുള്ള പണം സൂരജ് എണ്ണുന്നത് ശ്രദ്ധയില്‍പ്പെട്ട എ എസ് ഐ ഇത് എവിടെ നിന്നാണെന്ന് അന്വേഷിച്ചു. താന്‍ പലിശക്ക് കൊടുത്ത പണം സീസണ്‍ കഴിഞ്ഞപ്പോള്‍ തിരികെ വാങ്ങിയതാണെന്നായിരുന്നു മറുപടി. എന്നാല്‍, ഇത് കരാറുകാരില്‍ നിന്ന് ലഭിച്ച പണമാണെന്ന് കണ്ടെത്തിയതോടെ സംഭവം വിവാദമായി. ഇതിന്റെ പേരില്‍ പോലീസില്‍ ചേരിതിരിവുണ്ടായി. ഇതു സംബന്ധിച്ച വാര്‍ത്ത അവഗണിക്കാനും പോലീസുകാരെ സംരക്ഷിക്കാനും ഉന്നത തലത്തില്‍ നിന്ന് തന്നെ നിര്‍ദേശം വന്നു. ഈ വിവരവും മാധ്യമങ്ങള്‍ പുറത്തു വിട്ടതോടെ ഗത്യന്തരമില്ലാതെ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിടുകയായിരുന്നു.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി നടത്തിയ അന്വേഷണത്തില്‍ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന കാര്യം സത്യമാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി. ഇത്തരം വാര്‍ത്തകള്‍ പുറത്തു പോയത് പോലീസ് സേനക്കും എസ് പി മുതല്‍ താഴേത്തട്ടു വരെയുളള ഉദ്യോഗസ്ഥര്‍ക്കും നാണക്കേടുണ്ടാക്കി. ഇതേ തുടര്‍ന്നാണ് ഡി ഐ ജി നടപടിക്ക് ശിപാര്‍ശ ചെയ്തത്. സൂരജ് സി മാത്യുവിനെതിരേ വാച്യാന്വേഷണം നടത്തും. മറ്റു മൂന്നു പേര്‍ക്കുമെതിരേ വിശദമായ അന്വേഷണത്തിനും ഉത്തരവായി. പത്തനംതിട്ട ഡി സി ആര്‍ ബി ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല.