National
കൈക്കൂലി കേസ്; ആം ആദ്മി എം എല്‍ എ. അമിത് രത്തന്‍ അറസ്റ്റില്‍
ഇതേ കേസില്‍ അമിത് രത്തന്റെ വിശ്വസ്തനായ റാഷിം ഗാര്‍ഗിനെ പഞ്ചാബ് വിജിലന്‍സ് ബ്യൂറോ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ചണ്ഡീഗഡ്| കൈക്കൂലി കേസില്‍ പഞ്ചാബ് ആം ആദ്മി എം എല്‍ എ അറസ്റ്റില്‍. ബതിന്ദാ റൂറല്‍ സീറ്റില്‍ നിന്നുള്ള എം എല്‍ എ. അമിത് രത്തന്‍ കോട്ഫട്ടയാണ് അറസ്റ്റിലായത്. ഇതേ കേസില്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ റാഷിം ഗാര്‍ഗിനെ പഞ്ചാബ് വിജിലന്‍സ് ബ്യൂറോ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
രാജ്പുരയില്‍ നിന്നാണ് എം എല്‍ എയെ അറസ്റ്റ് ചെയ്തത്. അമിത് രത്തനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഗ്രാന്റായ 25 ലക്ഷം രൂപ അനുവദിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ആരോപിച്ച് ബട്ടിന്‍ഡയിലെ ഒരു യുവാവ് നല്‍കിയ പരാതിയിലാണ് അമിത് രത്തന്റെ വിശ്വസ്തന്‍ റാഷിം ഗാര്‍ഗിനെ അറസ്റ്റ് ചെയ്തത്. നാല് ലക്ഷം രൂപയുമായാണ് വിജിലന്‍സ് ബ്യൂറോ ഗാര്‍ഗിനെ പിടികൂടിയത്.
എന്നാല്‍, ഗാര്‍ഗുമായി ബന്ധമില്ലെന്ന് കോട്ഫട്ട നേരത്തെ പറഞ്ഞിരുന്നു. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമത്തിന്റെ ഭാഗമാണ് അറസ്റ്റെന്ന് അദ്ദേഹം ആരോപിച്ചു.