Connect with us

From the print

യു എസിൽ കൈക്കൂലിക്കുറ്റം; പ്രതികരണവുമായി ഗൗതം അദാനി

"ആരോപണം കൊണ്ട് തളർത്താനാകില്ല, കൂടുതൽ ശക്തമായി മുന്നോട്ട്'

Published

|

Last Updated

ജയ്പൂർ | സൗരോര്‍ജ കരാറിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ യു എസിൽ അഴിമതിക്കുറ്റം ചുമത്തപ്പെട്ട സംഭവത്തിൽ ആദ്യ പ്രതികരണവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ഇത്തരം ആരോപണങ്ങൾ ആദ്യമായിട്ടല്ലെന്നും ഓരോ ആക്രമണവും ഗ്രൂപ്പിനെ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്യുന്നതെന്നും അദാനി ജയ്പൂരിൽ പറഞ്ഞു. 51ാം വജ്ര- സ്വര്‍ണ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദാനി.
ഞങ്ങൾക്ക് നിരവധി വിജയങ്ങളുണ്ടായിട്ടുണ്ട്. അതുപോലെ നിരവധി വെല്ലുവിളികളും ഉണ്ടായിരുന്നു. പക്ഷേ, ഈ വെല്ലുവിളികൾ ഞങ്ങളെ തകർത്തില്ല. പകരം, അവർ ഞങ്ങളെ കൂടുതൽ ശക്തരാക്കുകയാണ് ചെയ്തത്. സ്വന്തം നയങ്ങളോടുള്ള പ്രതിബദ്ധത ഞങ്ങൾ ശക്തമായി തുടരുന്നു. പ്രചരിക്കുന്നതൊന്നുമല്ല വസ്തുത. നിക്ഷിപ്ത താത്പര്യത്തോടെയുള്ള റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരും ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനമോ ഗൂഢാലോചനയോ നടത്തിയിട്ടില്ല. എങ്കിലും വസ്തുതകളെക്കാള്‍ വേഗത്തില്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുക. നിങ്ങൾ എത്രയധികം വളരുന്നുവോ, അത്രയും കൂടുതൽ സൂക്ഷ്മമായി പരിശോധിക്കപ്പെടും. നിങ്ങളുടെ വിജയം ആ സൂക്ഷ്മപരിശോധനയിലാണ്.
ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ട് (എഫ്‌ സി പി എ) പ്രകാരം അദാനി ഗ്രൂപ്പിൽ നിന്ന് ആരും ആരിൽ നിന്നും ഒരു ആരോപണവും നേരിട്ടിട്ടില്ല’- ഗൗതം അദാനി പറഞ്ഞു.
സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ എനര്‍ജിക്കെതിരെയുള്ള പ്രധാന ആരോപണം. ഇതിന്റെ പേരില്‍ യു എസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യു എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ കുറ്റാരോപണം.
ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജി എക്‌സിക്യൂട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവായ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെയും തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്.
നിരവധി ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ വാഗ്ദാനം ചെയ്ത്, വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ നടത്തി, യു എസ് നിക്ഷേപകരെയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ചതായാണ് ആരോപണം. അദാനി ഗ്രീന്‍ എനര്‍ജിക്കായി മൂന്ന് ബില്യണ്‍ ഡോളറിലധികം വായ്പയെടുക്കാന്‍ ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയ്ന്‍ എന്നിവര്‍ വായ്പക്കാരിൽ നിന്നും നിക്ഷേപകരിൽ നിന്നും കൈക്കൂലിക്കാര്യം മറച്ചുവെച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ടിനു കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത്.

Latest