Connect with us

Kerala

കൈക്കൂലി; കേരള വാട്ടര്‍ അതോറിറ്റി ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം കോട്ടക്കുന്ന് സര്‍ക്കിള്‍ ഓഫീസിലെ ഓവര്‍സിയര്‍ രാജീവ് ആണ് പിടിയിലായത്.

Published

|

Last Updated

മലപ്പുറം | കൈക്കൂലി വാങ്ങിയ കേരള വാട്ടര്‍ അതോറിറ്റി ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കു വേണ്ടിയുള്ള പൈപ്പ് കണക്ഷന്‍ നല്‍കുന്നതിന് റോഡ് കുഴിക്കുവാനുള്ള അനുവാദത്തിനായി പൊതുമരാമത്ത് വകുപ്പില്‍ സമര്‍പ്പിക്കേണ്ട എസ്റ്റിമേറ്റ് വേഗത്തില്‍ തയ്യാറാക്കി നല്‍കുന്നതിലേക്ക് കരാറുകാരനില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം കോട്ടക്കുന്ന് സര്‍ക്കിള്‍ ഓഫീസിലെ ഓവര്‍സിയര്‍ രാജീവ് ആണ് പിടിയിലായത്.

എസ്റ്റിമേറ്റ് നടപടികള്‍ വേഗത്തിലാക്കി നല്‍കുന്നതിന് സമീപിച്ച പരാതിക്കാരനോട് പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ പ്രതി 10,000 രൂപ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ വിവരം മലപ്പുറം യൂണിറ്റ് ഡി വൈ എസ് പി. ഫിറോസ് എം ഷഫീക്കിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കുകയുമായിരുന്നു. വൈകിട്ട് ഓഫീസില്‍ വച്ച് പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ രാജീവിനെ കൈയോടെ പിടികൂടുകയും ചെയ്തു.

വിജിലന്‍സ് സംഘത്തില്‍ ഡി വൈ എസ് പിയെ കൂടാതെ പോലീസ് ഇന്‍സ്‌പെക്ടര്‍മാറായ ജ്യോതീന്ദ്രകുമാര്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ മോഹനകൃഷ്ണന്‍, ശ്രീനിവാസന്‍, സലിം, മധുസൂദനന്‍, പോലീസ് ഉദ്യോഗസ്ഥരായ സന്തോഷ്, ജിപ്‌സണ്‍, വിജയന്‍, സുബിന്‍ എന്നിവരുമുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്നതിലോ 8592900900 എന്ന തിലോ വാട്‌സാപ്പ് നമ്പറായ 9447789100 എന്നതിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ടി കെ വിനോദ് കുമാര്‍ ഐ പി എസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.

 

Latest