Connect with us

bribe in the name of judges

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; അഡ്വ.സൈബിക്കെതിരായ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

ക്രൈംബ്രാഞ്ച് മേധാവി എ ഡി ജി പി. ഡോ. ദര്‍വേഷ് സാഹിബ് നേരിട്ട് മേല്‍നോട്ടം വഹിക്കും

Published

|

Last Updated

കൊച്ചി | ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേന കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയെ കുടര്‍ന്ന് അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സൈബി ജോസിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് മേധാവി എ ഡി ജി പി. ഡോ. ദര്‍വേഷ് സാഹിബ് നേരിട്ട് മേല്‍നോട്ടം വഹിക്കും.

സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂനിറ്റ് എസ് പി. കെ എസ് സുദര്‍ശന്‍ ആണ്. എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍മാരായ എ എസ് ശാന്തകുമാര്‍, സിബി ടോം, ഗ്രേഡ് എസ് ഐമാരായ കലേഷ് കുമാര്‍, ജോഷി സി എബ്രഹാം, ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂനിറ്റിലെ ഗ്രേഡ് എസ് ഐമാരായ എസ് അമൃതരാജ്, ജയ്‌മോന്‍ പീറ്റര്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്ളത്. കഴിഞ്ഞ ദിവസമാണ് അഡ്വ. സൈബി ജോസിനെതിരെ പോലീസ് കേസെടുത്തത്. എ ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സിയാദ് റഹ്മാന്‍ എന്നിവര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് സൈബി ജോസ് 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ സൈബിയോട് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാര്‍ കൗണ്‍സില്‍ ഓഫ് കേരള കേള്‍ക്കും.

 

Latest