Kerala
വീട് അറ്റകുറ്റപ്പണിക്കായി തുക അനുവദിക്കാന്‍ കൈക്കൂലി; കയ്പമംഗലം വി ഇ ഒ പിടിയില്‍
ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ഇയാള്‍ പിടിയിലായത്.
തൃശൂര്‍ | പഞ്ചായത്ത് അംഗത്തോട് കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. തൃശൂര്‍ കയ്പമംഗലം വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി ആര്‍ വിഷ്ണുവിനെയാണ് വിജിലന്‍സ് ഡി വൈ എസ്പി . സി ജി ജിംപോളും സംഘവും അറസ്റ്റ് ചെയ്തത്. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ഇയാള്‍ പിടിയിലായത്.
ചളിങ്ങാട് സ്വദേശി തോട്ടുപറമ്പത്ത് വീട്ടില്‍ ഷഹര്‍ബാന് വീട് അറ്റകുറ്റപ്പണിക്കായി തുക അനുവദിക്കുന്നതിനായി കയ്പമംഗലം വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ സമീപിച്ചിരുന്നു. എന്നാല്‍ തുക അനുവദിക്കാന്‍ ആയിരം രൂപ പി ആര്‍ വിഷ്ണു കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. സംഭവം ഷഹര്‍ബാന്റെ സഹോദരി വാര്‍ഡ് മെമ്പര്‍ വി ബി. ഷെഫീഖിനെ അറിയിച്ചു
തുടര്‍ന്ന് ഷഹര്‍ബാന് രണ്ടാം ഗഡു 25000 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് എത്തിയ വാര്‍ഡ് മെമ്പറോടും വി ഇ ഒ ആയിരം രൂപ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ വാര്‍ഡ് മെമ്പര്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരമാണ് ഷഹര്‍ബാനന്‍ തൃശൂര്‍ കയ്പമംഗലം വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ സമീപിച്ച ശേഷം പണം നല്‍കിയത്. അപ്പോഴാണ് വിജിലന്‍സെത്തി ഉദ്യോ?ഗസ്ഥനെ കൈയോടെ പിടികൂടിയത്.