Connect with us

vd satheesan

സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ കൈക്കൂലി: വി ഡി സതീശനെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളി

പൊതു പ്രവര്‍ത്തകന്‍ ഹാഫിസ് ആയിരുന്നു ഹര്‍ജി നല്‍കിയത്

Published

|

Last Updated

തിരുവനന്തപുരം | സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ കൈക്കൂലിപ്പണം സ്വീകരിച്ചെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പരാതി അന്വേഷിക്കണമെന്ന ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.

പി വി അന്‍വര്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ ഹാഫിസ് ആയിരുന്നു ഹര്‍ജി നല്‍കിയത്. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അന്‍വറിന്റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐ ടി മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്നായിരുന്നു നിലമ്പൂര്‍ എം എല്‍ എ നിയമസഭയില്‍ ആരോപിച്ചത്. പ്രതിപക്ഷ നേതാവ് ഇതിനായി 150 കോടി കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കെ റെയില്‍ വന്നിരുന്നെങ്കില്‍ കേരളത്തിലെ ഐ ടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐ ടി ബിസിനസ് തകര്‍ന്നു പോകുമാ യിരുന്നുവെന്നുമായിരുന്നു അന്‍വര്‍ ചൂണ്ടിക്കാട്ടിയത്. 2050 ആകുമ്പോള്‍ കമ്പനികള്‍ പൂട്ടിപ്പോകുമെന്ന് മനസിലാക്കിയതിനാലാണ് ഐ ടി കമ്പനിക്കാര്‍ കെ റെയില്‍ വിരുദ്ധ സമരം നടത്താന്‍ പ്രതിപക്ഷ നേതാവിന് 150 കോടി രൂപ നല്‍കിയതെന്നാണ് പി വി അന്‍വര്‍ ആരോപിച്ചത്.

 

Latest