National
ജോലിക്ക് പകരം കോഴ; ലാലു പ്രസാദ് യാദവ് ഇഡിക്ക് മുന്നില്‍ ഹാജരായി
കേസില്‍ തേജസ്വി യാദവിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
പട്‌ന| ജോലിക്ക് പകരം കോഴ വാങ്ങിയെന്ന കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി)മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ പട്‌നയിലെ ഇ.ഡി ആസ്ഥാനത്താണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായത്. ലാലു പ്രസാദ് യാദവിനെ ഇ.ഡി ചോദ്യം ചെയ്യുന്ന ഓഫീസിന് മുന്‍പില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്.
2004 മുതല്‍ 2009 വരെ ഒന്നാം യു.പി.എ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നു ലാലു പ്രസാദ് യാദവ്. 2008-2009 കാലഘട്ടത്തില്‍ 12 പേര്‍ക്ക് റെയില്‍വേയില്‍ ജോലി നല്‍കിയെന്നും പകരം നിസാര വിലയ്ക്ക് ഇവരുടെ ഭൂമി ലാലുപ്രസാദ് എഴുതി വാങ്ങിയെന്നുമാണ് സി.ബി.ഐ കണ്ടെത്തല്‍.
കേസില്‍ തേജസ്വി യാദവിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വേ ജോലിക്ക് പകരം കോഴ കേസില്‍ ഇ.ഡി ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസിലെ എല്ലാ പ്രതികളോടും ഒമ്പതാം തിയ്യതി ഹാജരാകാന്‍ ഡല്‍ഹി കോടതി നോട്ടീസ് നല്‍കിയിരുന്നു.