Connect with us

Afghanistan crisis

അഫ്ഗാന്‍ പ്രതിസന്ധിയില്‍ ബ്രിക്‌സ് പ്രമേയം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായി സമിതിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ബ്രസീല്‍ പ്രസിഡന്റ് ബോല്‍സനാരോ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംഫോസ എന്നിവര്‍ പങ്കെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി | അഫ്ഗാനിസ്ഥാനില്‍ ഭരണ പ്രതിസന്ധി തുടരവെ ഭീകരതക്കെതിരെ പ്രമേയം പാസാക്കി ബ്രിക്‌സ് രാജ്യങ്ങള്‍. അഫ്ഗാനിസ്ഥാന്‍ മണ്ണ് മറ്റ് രാജ്യങ്ങള്‍ക്കെതിരെയുള്ള ഭീകരവാദത്തിന്റെ താവളമാക്കരുതെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. എല്ലാ തരത്തിലുമുള്ള അക്രമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും സമാധാനപരമായി രാജ്യത്തെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യമുണ്ട്. അഫ്ഗാനില്‍ നിന്നുള്ള ലഹരിക്കടത്തിലും സമിതി ആശങ്ക രേഖപ്പെടുത്തി.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായി സമിതിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ബ്രസീല്‍ പ്രസിഡന്റ് ബോല്‍സനാരോ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംഫോസ എന്നിവര്‍ പങ്കെടുത്തു.

അമേരിക്കയുടേയും നാറ്റോ സഖ്യത്തിന്റേയും അഫ്ഗാനില്‍ നിന്നുള്ള പിന്‍മാറ്റത്തിന് പിന്നാലെ വലിയ പ്രതിസന്ധി രാജ്യത്ത് ഉണ്ടായിട്ടുണ്ട്. അത് മറ്റ് ലോക രാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ വിട്ടു നില്‍ക്കണമെന്നും അവരുടെ പരമാധികാരത്തെ മറ്റ് രാജ്യങ്ങള്‍ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്ത് ഉയര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളുടെ സ്വാധീന ശബ്ദമാണ് ബ്രിക്‌സ് രാജ്യങ്ങളെന്നും വികസ്വര രാജ്യങ്ങളുടെ മുന്‍ഗണനകളില്‍ ശ്രദ്ധപതിപ്പിക്കാന്‍ ബ്രിക്‌സ് സമിതികള്‍ ഉപകാര പ്രദമാണെന്നും നരേന്ദ്ര മോദി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി രണ്ടാം തവണയാണ് ബ്രിക്‌സ് ഉച്ചകോടിയില്‍ അധ്യക്ഷനാവുന്നത്. 2016 ല്‍ ഗോവ ഉച്ചകോടിയിലാണ് മുമ്പ് നരേന്ദ്രമോദി അധ്യക്ഷനായിരുന്നത്.

Latest