National
ഗുജറാത്തിലെ പാലം അപകടം; ഒൻപത് പേർ അറസ്റ്റിൽ
കമ്പനിയുടെ രണ്ട് മാനേജർമാർ, അടുത്തിടെ പാലം നന്നാക്കിയ രണ്ട് കരാറുകാർ, രണ്ട് ടിക്കറ്റ് ക്ലാർക്കുമാർ, മൂന്ന് സെക്യൂരിറ്റി ഗാർഡുകൾ എന്നിവരാണ് പിടിയിലായത്.
അഹമ്മദാബാദ് | ഗുജറാത്തിലെ മോർബി പാലം അപകടത്തിൽ പാലം അറ്റകുറ്റപ്പണി നടത്തിയിരുന്ന ഒറേവ കമ്പനിയിലെ ഒമ്പത് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പനിയുടെ രണ്ട് മാനേജർമാർ, അടുത്തിടെ പാലം നന്നാക്കിയ രണ്ട് കരാറുകാർ, രണ്ട് ടിക്കറ്റ് ക്ലാർക്കുമാർ, മൂന്ന് സെക്യൂരിറ്റി ഗാർഡുകൾ എന്നിവരാണ് പിടിയിലായത്. രാജ്‌കോട്ട് റേഞ്ച് ഐജി അശോക് കുമാർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
50 പേരടങ്ങുന്ന സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നതെന്ന് അശോക് കുമാർ പറഞ്ഞു. ഇതുവരെ ശ്രദ്ധയിൽപ്പെട്ടവരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തതെന്നും കൂടുതൽ പേരുകൾ പുറത്തുവരുമ്പോൾ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച വൈകിട്ട് 6.30നാണ് ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്നുവീണത്. അപകടത്തിൽ 42 കുട്ടികൾ അടക്കം 130ൽ അധികം പേർ മരിച്ചു. 170 പേരെ രക്ഷപ്പെടുത്തി. 143 വർഷം പഴക്കമുള്ള പാലം ബ്രിട്ടീഷ് ഭരണകാലത്താണ് നിർമ്മിച്ചത്.
കഴിഞ്ഞ ആറ് മാസമായി ഈ പാലം അടച്ചിട്ടിരിക്കുകയായിരുന്നു. ദിവസങ്ങൾക്കുമുമ്പാണ് അറ്റക്കുറ്റപ്പണി പൂർത്തിയാക്കി തുറന്നുകൊടുത്തത്.