Connect with us

National

ബ്രിജ് ഭൂഷന്റെ വിശ്വസ്തൻ ഫെഡറേഷൻ പ്രസിഡന്റ്; ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സാക്ഷി മാലിക്ക്

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞാണ് സാക്ഷി മാലിക്ക് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

Published

|

Last Updated

ന്യൂഡൽഹി | ലൈംഗികാരോപണത്തെ തുടർന്ന് വിവാദത്തിലായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു എഫ് ഐ) മുന് മേധാവിയുമായ ബ്രിജ് ഭൂഷണ് ശരണ് സിങ്ങിന്റെ വിശ്വസ്തൻ ഗുസ്തി ബോഡിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രമുഖ ഗുസ്തിതാരം സാക്ഷി മാലിക്ക് ഗുസ്തിയിൽ നിന്ന് വിരമിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞാണ് സാക്ഷി മാലിക്ക് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2016 റിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവാണ് സാക്ഷി മാലിക്.

“അവസാനം, ഞങ്ങൾ 40 ദിവസം റോഡിൽ ഉറങ്ങി. പക്ഷേ ഈ വർഷമാദ്യം ഞങ്ങൾ നടത്തിയ പ്രതിഷേധത്തിൽ ഞങ്ങളെ പിന്തുണച്ച നമ്മുടെ രാജ്യത്തെ നിരവധി ആളുകൾക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ബ്രിജ് ഭൂഷൺ സിങ്ങിന്റെ ബിസിനസ്സ് പങ്കാളിയും അടുത്ത സഹായിയും ഡബ്ല്യുഎഫ്‌ഐയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ഞാൻ ഗുസ്തി ഉപേക്ഷിക്കുന്നു…” വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സാക്ഷി മാലിക്ക് പറഞ്ഞു. തുടർന്ന് ബൂട്ട് ഊരി മാധ്യമങ്ങൾക്ക് മുന്നിൽവെച്ച് താരം കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി.

ഉത്തർപ്രദേശ് ഗുസ്തി അസോസിയേഷൻ വൈസ് പ്രസിഡന്റും മുൻ എംപിയുമായ സഞ്ജയ് സിംഗാണ് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഫെഡറേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബ്രിജ് ഭൂഷന്റെ ബിസിനസ് പങ്കാളിയും വിശ്വസ്തനുമാണ് ഇദ്ദേഹം. കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് അനിത ഷിയോറനെ ഏഴിനെതിരെ 40 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു സഞ്ജയ് സിംഗിന്റെ ജയം.

Latest