Connect with us

molnupiravir

കൊവിഡ് ചികിത്സക്കായി ഗുളികക്ക് അനുമതി നല്‍കി ബ്രിട്ടന്‍; അറിയേണ്ടതെല്ലാം

മോള്‍നുപിരാവിര്‍ എന്നറിയപ്പെടുന്ന ഈ ഗുളിക കൊവിഡ് മൂലമുള്ള ആശുപത്രി ചികിത്സയുടെ സാധ്യത പകുതിയായി കുറക്കുന്നു എന്നാണ് ക്ലിനിക്കല്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്

Published

|

Last Updated

ലണ്ടന്‍ | ലക്ഷണങ്ങളോട് കൂടിയ കൊവിഡ് ബാധയുള്ളവരുടെ ചികിത്സക്കായി കഴിക്കാവുന്ന ലോകത്തിലെ ആദ്യത്തെ ഗുളികക്ക് രണ്ട് ദിവസം മുമ്പാണ് യു കെയില്‍ അനുമതി ലഭിച്ചിരിക്കുന്നത്. മോള്‍നുപിരാവിര്‍ എന്നറിയപ്പെടുന്ന ഈ ഗുളിക കൊവിഡ് മൂലമുള്ള ആശുപത്രി ചികിത്സയുടെ സാധ്യത പകുതിയായി കുറക്കുന്നു എന്നാണ് ക്ലിനിക്കല്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലക്ഷണങ്ങളോട് കൂടി കൊവിഡ് ബാധയുള്ളവര്‍ക്ക് ദിവസം രണ്ട് നേരം എന്ന നിലയില്‍ ഈ ഗുളിക നല്‍കാന്‍ ബ്രിട്ടീഷ് മെഡിസിന്‍സ് റഗുലേറ്റര്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് ബാധിതരായി അഞ്ച് ദിവസത്തിനുള്ള ഈ മരുന്ന് ഉപയോഗിച്ച് ചികിത്സ ആരംഭിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അമേരിക്കന്‍ മരുന്ന് നിര്‍മ്മാതാക്കളായ മെര്‍ക്ക് ഷാര്‍പ്പ് ആന്‍ഡ് ഡോം (എം എസ് ഡി), റിഡ്ജ്ബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ഈ മരുന്ന് വികസിപ്പിച്ചിട്ടുള്ളത്. കൊവിഡിന് കാരണമാകുന്ന നോവല്‍ കൊറോണാ വൈറസിന്റെ പെരുകലിന് സഹായിക്കുന്ന പ്രത്യേക എന്‍സൈമിനെയാണ് ഈ ഗുളിക ലക്ഷ്യമിടുന്നത്. ഇത് വൈറസിന്റെ പെരുകലിനെ തടയുന്നു. ഇതുവഴി രോഗ തീവ്രത കുറക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

രോഗം മൂലമുള്ള ആശുപത്രി ചികിത്സയുടെ സാധ്യതകള്‍ പകുതിയായി കുറക്കാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഈ ഗുളികയുടെ ഉപയോഗം സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായി 775 പേര്‍ക്ക് ചികിത്സാര്‍ഥം മരുന്ന് നല്‍കിയിരുന്നു. ഇതില്‍ 7.3% രോഗികള്‍ക്ക് മാത്രമേ ആശുപത്രി വാസം വേണ്ടതായി വന്നിട്ടുള്ളുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

യു കെയില്‍ ആകമാനം വര്‍ഷാവസാനത്തോടെ 4,80,000 കോഴ്‌സ് മോള്‍നുപിരാവിര്‍ മരുന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ ഒന്നും ഇതുവരെ ഈ മരുന്നിന് അനുമതി നല്‍കാത്തതിനാല്‍ ഇന്ത്യയിലും ഉടനയൊന്നും ഈ മരുന്ന് ലഭ്യമായേക്കില്ല.

Latest