Lokavishesham
ബ്രിട്ടന്‍ / തിരഞ്ഞെടുപ്പ് ഫലം; ആഘോഷിക്കും മുമ്പ്
സൂക്ഷ്മ വിശകലനത്തിലേക്ക് പോയാല്‍ ആഘോഷിക്കപ്പെടുന്ന അത്ര വലിപ്പമില്ല ലേബര്‍ പാര്‍ട്ടിയുടെ വിജയത്തിനെന്ന് മനസ്സിലാകും. കണ്‍സര്‍വേറ്റുകള്‍ക്ക് 20 ശതമാനത്തിലേറെ വോട്ട് നഷ്ടപ്പെട്ടു. നേട്ടം കൊയ്തത് തീവ്രവലതുപക്ഷ കക്ഷിയായ റിഫോം യു കെയാണ്. കുടിയേറ്റവിരുദ്ധതയെ കുറച്ചു കൂടി തീവ്രമായ മുസ്‌ലിം വിരുദ്ധതയായി മാറ്റുകയാണ് ഇവര്‍ ചെയ്തത്. ഇതിന്റെ അര്‍ഥമെന്താണ്? ബ്രിട്ടീഷ് ജനതയിലും ഫാസിസ്റ്റ് ആശയഗതി പിടിമുറുക്കുന്നുവെന്നത് തന്നെ.
“ഇത് ഓരോരുത്തരുടെയും സര്‍ക്കാറായിരിക്കും. വലിയൊരു ഭാരം ഇറക്കിവെച്ചിരിക്കുന്നു. ഇനി മാറ്റത്തിന്റെ നാളുകളാണ്. രാജ്യമാണ് ആദ്യം. പാര്‍ട്ടി പിന്നെയേ ഉള്ളൂ. എല്ലാ വിഭാഗങ്ങള്‍ക്കും അന്തസ്സ് നല്‍കും. എല്ലാവര്‍ക്കും തുല്യ അവസരം ലഭ്യമാകും. എന്നാല്‍ ഒരു രാജ്യത്തെ മാറ്റുകയെന്നത് സ്വിച്ചിട്ട പോലെ സത്വരം നടപ്പാക്കാവുന്ന ഒന്നല്ല’- ബ്രിട്ടീഷ് പ്രധാനമന്ത്രിയായി നിയുക്തനായ ശേഷം 10 ഡൗണിംഗ് സ്ട്രീറ്റിന് മുമ്പില്‍ ആര്‍ത്തിരമ്പുന്ന അനുയായികള്‍ക്ക് അഭിമുഖമായി നിന്ന് കിയ്്ർ സ്റ്റാര്‍മര്‍ നടത്തിയ പ്രസംഗത്തിലെ വാചകങ്ങളാണിവ. വലിയ പ്രതീക്ഷയും ആവേശവും യാഥാര്‍ഥ്യ ബോധവും ഒരു പോലെ സ്ഫുരിക്കുന്നുണ്ട് ഈ വാക്കുകളില്‍. തന്റെ പാര്‍ട്ടിക്ക് ലഭിച്ച ഉജ്വല ജനസമ്മിതി എങ്ങനെയാകും അദ്ദേഹം വിനിയോഗിക്കുക? ജനാധിപത്യവാദികള്‍ക്ക് എത്രമാത്രം പ്രതീക്ഷ പകരുന്നുണ്ട് ഈ വിജയം?
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 121ല്‍ ഒതുങ്ങിയപ്പോള്‍ ലേബര്‍ പാര്‍ട്ടി 412 സീറ്റ് നേടിയെന്നത് മൃഗീയമെന്ന ക്ലീഷേ വാക്കു കൊണ്ട് അടയാളപ്പെടുത്താവുന്ന വിജയം തന്നെയാണ്. ബ്രക്‌സിറ്റ് മുതല്‍ തുടങ്ങുന്ന പാര്‍ട്ടിയിലെ ഭിന്നതകളും സാമ്പത്തിക രംഗത്തെ പരാജിത നയങ്ങളും 14 വര്‍ഷത്തിനിടെ അഞ്ച് പ്രധാനമന്ത്രിമാരെ പരീക്ഷിക്കേണ്ടി വന്നതിലെ ആഭ്യന്തര അസ്ഥിരതയുമെല്ലാം കണ്‍സര്‍വേറ്റീവുകളുടെ നില അങ്ങേയറ്റം ദയനീയമാക്കിയിരുന്നു.
2019ല്‍, ബ്രിട്ടീഷ് ട്രംപെന്ന് വിശേഷിപ്പിക്കപ്പെട്ട ബോറിസ് ജോണ്‍സണെ പോലെയുള്ള ഒരു മുരടന്‍ യാഥാസ്ഥിതിക വാദിയെപ്പോലും ജയിപ്പിക്കാവുന്നത്ര സൗമനസ്യം ബ്രിട്ടീഷ് ജനത ടോറി (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി)കളോട് കാണിച്ചിരുന്നുവെന്നോര്‍ക്കണം. എന്നിട്ടും അവസരം മുതലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടനെ വേര്‍പ്പെടുത്തുന്ന ബ്രക്‌സിറ്റില്‍ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സ്വീകരിച്ച നയം യൂനിയനില്‍ തുടരുക എന്നതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വേര്‍പെട്ടേ മതിയാകൂ എന്ന നയത്തിലായിരുന്നു.
ഒടുവില്‍ ബ്രക്‌സിറ്റ് ഹിതപരിശോധനയില്‍ “യെസ്’ പക്ഷം വിജയിച്ചപ്പോള്‍ കണ്‍സര്‍വേറ്റുകള്‍ക്ക് ജീവന്‍ വെച്ചുവെന്ന് കരുതിയതാണ്. പക്ഷേ, അവര്‍ തന്നെ കുപ്പിയില്‍ നിന്ന് ഇറക്കി വിട്ട ഭൂതം അവര്‍ക്ക് നേരെ തിരിയുന്നതാണ് കണ്ടത്. രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കുടിയേറ്റവും ഇ യുവിനോട് സഹകരിക്കുന്നതുമാണെന്ന് ടോറികള്‍ പറഞ്ഞു പരത്തി. യൂറോപ്യന്‍ യൂനിയനില്‍ അംഗമായിരിക്കുവോളം കുടിയേറ്റക്കാരെ നിയന്ത്രിക്കാനാകില്ലെന്ന് അവര്‍ വിളിച്ചു കൂവി. ഏതെങ്കിലും ഒരു യൂറോപ്യന്‍ രാജ്യത്ത് എത്തുന്ന അഭയാര്‍ഥികള്‍ അതിര്‍ത്തികള്‍ ഓരോന്നും കടന്ന് ബ്രിട്ടനില്‍ എത്തുമെന്നായിരുന്നു ലോജിക്.
വികസിത രാജ്യമെന്ന മേല്‍വിലാസത്തില്‍ ജീവിക്കുന്നുവെങ്കിലും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്ന ബ്രിട്ടീഷ് ജനതയില്‍ നല്ലൊരു ശതമാനം ഇത് വിശ്വസിച്ചു. ആംഗ്ലിക്കന്‍ ക്രിസ്ത്യന്‍ വര്‍ഗീയതയും മുസ്‌ലിം വിരുദ്ധതയും ഈ വിശ്വാസത്തിന്റെ അടിത്തട്ടില്‍ പ്രവര്‍ത്തിച്ചു.
പക്ഷേ, കാമറൂണ്‍ പോയി തെരേസ മെയ് വന്നപ്പോള്‍ തന്നെ കാര്യം പിടികിട്ടിത്തുടങ്ങി. ഇ യുവില്‍ നിന്ന് പുറത്ത് കടന്നതുകൊണ്ട് പരിഹരിക്കാവുന്നതല്ല സാമ്പത്തിക പ്രശ്‌നമെന്ന് എല്ലാവര്‍ക്കും ബോധ്യമായി. മാത്രമല്ല, ബ്രക്‌സിറ്റാനന്തര നടപടിക്രമങ്ങള്‍ പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. അതോടെ ജനങ്ങള്‍ കൂടുതല്‍ അതൃപ്തരായി. അവര്‍ ബ്രക്‌സിറ്റിനെ തന്നെ തള്ളിപ്പറയാന്‍ തുടങ്ങി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കകത്തും കടുത്ത ഭിന്നത ഉടലെടുത്തു. അങ്ങനെയാണ് ഒടുവില്‍ ഋഷി സുനക്കില്‍ പ്രധാനമന്ത്രി കുപ്പായമെത്തിയത്.
സുനക്കിനും ഒന്നും ചെയ്യാനായില്ല. അങ്ങനെ ബ്രക്സ്റ്റില്‍ തുടങ്ങിയ ജനകീയ രോഷം 2024ലെ തിരഞ്ഞെടുപ്പിലെത്തിയപ്പോള്‍ ഏറ്റവും മാരകമായി. പോളിംഗ് ബൂത്തില്‍ അവര്‍ പ്രതികാരം വീട്ടി. ഋഷി സുനക് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ടോറികളില്‍ വമ്പന്‍മാര്‍ പലരും വീണു. മുന്‍ പ്രധാനമന്ത്രി ലിസ് ട്രോസ് തോറ്റു. ജേക്കബ് റീസ് മോഗ്, അലക്‌സ് ചോക്, ഗിലിയന്‍ കീഗന്‍, ജോണി മെര്‍സര്‍ തുടങ്ങിയവരും പരാജയത്തിന്റെ രുചിയറിഞ്ഞു.
സമൃദ്ധിക്കിടയിലെ ദാരിദ്ര്യം എത്ര വലിയ തിരഞ്ഞെടുപ്പ് വിഷയമാണെന്ന് മനസ്സിലാകണമെങ്കില്‍ ബ്രിട്ടനിലെ പൊതു ആരോഗ്യ സംവിധാനത്തെ ആശ്രയിക്കുന്നവര്‍ക്കിടയിലെ രോഷം മാത്രമെടുത്താല്‍ മതി. ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ ഭൂരിപക്ഷം പേരും അതൃപ്തരാണെന്ന് സര്‍വേകളെല്ലാം ചൂണ്ടിക്കാട്ടിയിരുന്നു. നാഷനല്‍ ഹെല്‍ത്ത് സര്‍വീസി (എന്‍ എച്ച് എസ്)ല്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിപ്പ് പട്ടികയില്‍ കഴിയുന്നവര്‍ ഇക്കഴിഞ്ഞ ഏപ്രില്‍ വരെ 7.6 മില്യണ്‍ വരുമെന്നാണ് കണക്ക്. അപകട, അടിയന്തര ചികിത്സാ വിഭാഗങ്ങളില്‍ പോലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനത്തിനായി നാല് മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വരുന്നവരുടെ എണ്ണം കണ്‍സര്‍വേറ്റുകളുടെ ഭരണകാലത്ത് കൂടിയെന്നാണ് മറ്റൊരു കണക്ക്. ടോറികളെ തകര്‍ക്കാനുള്ള കുഴിബോംബുകള്‍ അവര്‍ തന്നെ വിതറിയിരുന്നുവെന്ന് ചുരുക്കം.
എന്നാല്‍, സൂക്ഷ്മ വിശകലനത്തിലേക്ക് പോയാല്‍ ആഘോഷിക്കപ്പെടുന്ന അത്ര വലിപ്പമില്ല ലേബര്‍ പാര്‍ട്ടിയുടെ വിജയത്തിനെന്ന് മനസ്സിലാകും. ലേബര്‍ പാര്‍ട്ടിയുടെ വിജയത്തേക്കാള്‍ ടോറികളുടെ കനത്ത പരാജയമാണ് സംഭവിച്ചത്.
സര്‍വേകള്‍ മുന്നോട്ട് വെച്ചത് പോലെയായിരുന്നില്ല കാര്യങ്ങള്‍. കണ്‍സര്‍വേറ്റുകള്‍ക്ക് 20 ശതമാനത്തിലേറെ വോട്ട് നഷ്ടപ്പെട്ടു. ഇതില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ ലേബറുകള്‍ക്ക് കിട്ടിയുള്ളൂ. നേട്ടം കൊയ്തത് തീവ്രവലതുപക്ഷ കക്ഷിയായ റിഫോം യു കെയാണ്. 2018ല്‍ മാത്രം രൂപവത്കൃതമായ ഈ പാര്‍ട്ടി 14 ശതമാനം വോട്ട് നേടി. നിഗല്‍ ഫറാഷ് നേതൃത്വം നല്‍കുന്ന ഈ പാര്‍ട്ടിക്ക് അഞ്ച് സീറ്റേ നേടാനായുള്ളൂവെങ്കിലും മിക്ക മണ്ഡലങ്ങളിലും അവര്‍ സാന്നിധ്യമറിയിച്ചു. പക്കാ വര്‍ഗീയവാദി പാര്‍ട്ടിയാണിത്. കുടിയേറ്റവിരുദ്ധതയെ കുറച്ചു കൂടി തീവ്രമായ മുസ്‌ലിം വിരുദ്ധതയായി മാറ്റുകയാണ് ഇവര്‍ ചെയ്തത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം രാജ്യത്തെ കറുത്ത വര്‍ഗക്കാരും മുസ്‌ലിംകളുമാണെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. സയണിസ്റ്റുകളെ ക്രൂരമായി ന്യായീകരിക്കുന്നവരുമാണിവര്‍.
യൂറോപ്പിലാകെ ഇത്തരം കക്ഷികള്‍ നേടുന്ന മേല്‍ക്കൈ ഒരു പൊതു പ്രവണതയാണെന്ന് “ലോകവിശേഷം’ മുന്‍ ലക്കത്തില്‍ വിശദീകരിച്ചിരുന്നു. ഈ പ്രതിഭാസം തന്നെയാണ് ബ്രിട്ടനിലും അരങ്ങേറിയിരിക്കുന്നത്. യാഥാസ്ഥിതിക കക്ഷിയില്‍ നിന്ന് നഷ്ടമാകുന്ന വോട്ട് ലേബര്‍ പാര്‍ട്ടിയിലേക്കല്ല, വംശീയവാദി പാര്‍ട്ടിക്കാണ് ലഭിക്കുന്നത് എന്നതിന്റെ അര്‍ഥമെന്താണ്? ബ്രിട്ടീഷ് ജനതയിലും ഫാസിസ്റ്റ് ആശയഗതി പിടിമുറുക്കുന്നുവെന്നത് തന്നെ. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ മുഖ്യധാരാ പാര്‍ട്ടികള്‍ നടത്തുന്ന വംശീയ വിഭജന തന്ത്രങ്ങളുടെ ഗുണഭോക്താക്കളായി മാറുകയാണ് തീവ്രവലതുപക്ഷവാദികള്‍. കണ്‍സര്‍വേറ്റുകള്‍ പ്രസരിപ്പിച്ച കുടിയേറ്റവിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും കൂടുതല്‍ ശക്തിയോടെ പരത്തുകയാണല്ലോ റിഫോം യു കെ ചെയ്തത്.
ലേബര്‍ പാര്‍ട്ടി പോലും ഇസ്‌റാഈലിനെ വ്യക്തമായി തള്ളിപ്പറയാന്‍ തയ്യാറായില്ല എന്ന് കാണണം. കേരളത്തില്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ച വോട്ട് പാറ്റേണുമായി ഇതിന് സാമ്യമുണ്ട്. ഇവിടെ 19 സീറ്റും നേടി ബി ജെ പിവിരുദ്ധ രാഷ്ട്രീയം സമ്പൂര്‍ണ വിജയം പ്രഖ്യാപിച്ചപ്പോഴും യഥാര്‍ഥ മതേതരവാദികള്‍ക്ക് ആഘോഷിക്കാനായില്ല. കാരണം പല മണ്ഡലങ്ങളിലും ബി ജെ പിക്ക് വോട്ട് കൂടിയത് ആശങ്കയുണ്ടാക്കി. ഒരു സീറ്റേ അവര്‍ നേടിയുള്ളൂവെങ്കിലും വോട്ട് കണക്കില്‍ അവര്‍ നേട്ടമുണ്ടാക്കി. ഇത് സമൂഹത്തിന്റെ താഴേത്തട്ടില്‍ സംഭവിക്കുന്ന വര്‍ഗീയവത്കരണത്തിന്റെ ഫലമാണ്. ഇതിന്റെ അടുത്ത ഘട്ടം മുഖ്യധാരാ, മതേതര പാര്‍ട്ടികള്‍ സ്വയം തീവ്രവലതുപക്ഷ ആശയങ്ങളിലേക്ക് കൂപ്പുകുത്തുമെന്നതാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നഷ്ടമായ വോട്ട് തിരിച്ചു പിടിക്കാന്‍ അവര്‍ മറ്റൊരു റിഫോം യു കെ ആയേക്കും.
ബ്രിട്ടീഷ് പൊതു തിരഞ്ഞെടുപ്പിലെ ഏറ്റവും ആവേശകരമായ വശം ഫലസ്തീന്‍ അനുകൂല നയം ഉറക്കെ പ്രഖ്യാപിച്ചവര്‍ നേടിയ വിജയമാണ്. ഇസ്‌റാഈല്‍ അധിനിവേശത്തില്‍ അഴകൊഴമ്പന്‍ നയം സ്വീകരിച്ച കിയ്്ർ സ്റ്റാര്‍മറിനെ ചോദ്യം ചെയ്തത് കൊണ്ട് മാത്രം ലേബര്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കാതെ പോയവര്‍ സ്വതന്ത്രരായി മത്സരിച്ചിരുന്നു. അവരില്‍ മിക്കവരും വിജയിച്ചു. ആന്റി സെമിറ്റിക് ചാപ്പ കുത്തി ലേബര്‍ പാര്‍ട്ടി പുറത്താക്കിയ ജെറമി കോര്‍ബിന്റെ വിജയം ഇതില്‍ ഏറ്റവും തിളക്കമുള്ളതാണ്. 40 വര്‍ഷത്തിലേറെയായി ലണ്ടനിലെ ഇസ്ലിംഗ്ടണ്‍ നോര്‍ത്ത് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന 75കാരനായ കോര്‍ബിന്‍, ലേബര്‍ പാര്‍ട്ടിയുടെ പ്രഫുല്‍ നര്‍ഗുണ്ടിനെയാണ് തോല്‍പ്പിച്ചത്. 16,873നെതിരെ 24,120 വോട്ടുകള്‍ക്കാണ് വിജയം. തന്റെ വിജയാഘോഷത്തിനിടയിലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യം അദ്ദേഹം ആവര്‍ത്തിച്ചു. “എനിക്ക് വോട്ട് ചെയ്തവര്‍ സമാധാനത്തിനായി വാദിക്കുന്നവരാണ്. ഗസ്സയില്‍ ഇന്ന് കാണുന്ന കൂട്ടക്കുരുതി അനുവദിക്കാത്ത സര്‍ക്കാറിന് വേണ്ടിയാണ് അവര്‍ വോട്ട് ചെയ്തത്’ – കോര്‍ബിന്‍ പറഞ്ഞു.
ലേബര്‍ പാര്‍ട്ടിയുടെ ഇടതു മുഖമായിരുന്നു കോര്‍ബിന്‍. അദ്ദേഹത്തെ ഉള്‍ക്കൊള്ളാനാകാത്ത വിധം ലേബര്‍ പാര്‍ട്ടി മാറിക്കഴിഞ്ഞുവെന്ന് കൂടിയാണ് കോര്‍ബിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിത്വവും വിജയവും തെളിയിക്കുന്നത്. ലീസസ്റ്റര്‍ സൗത്തില്‍ ശൗക്കത്ത് ആദം, ബെര്‍മിംഗ്ഹാം പെറി ബാറില്‍ നിന്ന് അയ്യൂബ് ഖാന്‍, ബ്ലാക്ക് ബേണില്‍ നിന്ന് അദ്‌നാന്‍ ഹുസൈന്‍, ഡ്യൂസ്ബറിയില്‍ നിന്ന് ഇഖ്ബാല്‍ മുഹമ്മദ് തുടങ്ങിയവരുടെ വിജയവും വോട്ടര്‍മാരുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യമായി മാറി.
ഈ തിരഞ്ഞെടുപ്പില്‍ എടുത്തു പറയേണ്ട മറ്റൊരു ഘടകം സ്‌കോട്ടിഷ് സ്വാതന്ത്ര്യവാദത്തിനേറ്റ തിരിച്ചടിയാണ്. ഇംഗ്ലണ്ട്, വേല്‍സ്, സ്‌കോട്ട്, നോര്‍ത്ത് അയര്‍ലാന്‍ഡ് എന്നിവ ചേരുമ്പോഴാണല്ലോ യുനൈറ്റഡ് കിംഗ്ഡം ആകുന്നത്. ഈ ആശയത്തിന് സമീപകാലത്തെ ആദ്യ പരീക്ഷണം നേരിടേണ്ടി വന്നത് 2014ലായിരുന്നു. സ്വതന്ത്ര സ്‌കോട്ട്‌ലാന്‍ഡ് വേണമോ വേണ്ടയോ എന്ന ചോദ്യമുയര്‍ത്തിയ ഹിതപരിശോധനയില്‍ അന്ന് നേരിയ വ്യത്യാസത്തില്‍ “വേണ്ട’ പക്ഷം വിജയിച്ചു. ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പില്‍ സ്‌കോട്ടിഷ് നാഷനലിസ്റ്റ് പാര്‍ട്ടി വന്‍ തിരിച്ചടി നേരിട്ടതോടെ ഒരിക്കല്‍ കൂടി സ്വാതന്ത്ര്യ മോഹം മങ്ങി. മേഖലയില്‍ ആകെയുള്ള 57 സീറ്റില്‍ ഒമ്പതിടത്ത് മാത്രമേ സ്‌കോട്ടിഷ് പാര്‍ട്ടിക്ക് ജയിക്കാനായുള്ളൂ. കഴിഞ്ഞ തവണ അവര്‍ക്ക് 48 സീറ്റുണ്ടായിരുന്നു. ഇവര്‍ക്ക് നഷ്ടമായ സീറ്റുകള്‍ മിക്കവയും ലേബര്‍ പാര്‍ട്ടിക്കാണ് ലഭിച്ചത്. സ്വന്തം അസ്തിത്വത്തിലേക്ക് മുറിഞ്ഞു പോകുന്നതിന് പകരം ബ്രിട്ടീഷ് രാഷ്ട്ര ശരീരത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ സ്‌കോട്ടിഷ് ജനത ആഗ്രഹിക്കുന്നുവെന്ന് ഈ ഫലത്തെ വ്യാഖ്യാനിക്കാം.