Connect with us

International

ഇന്ത്യയിൽ നിന്നുള്ള യുവ പ്രഫഷനലുകൾക്ക് പ്രതിവർഷം 3,000 വിസ അനുവദിച്ച് ബ്രിട്ടൺ

കഴിഞ്ഞ വർഷം അംഗീകരിച്ച യു.കെ-ഇന്ത്യ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പങ്കാളിത്ത കരാരിന്റെ തുടർച്ചയായാണ് യു.കെ ഇന്ത്യ യങ് പ്രഫഷനൽ സ്‌കീം എന്ന പദ്ധതി യഥാർഥ്യമാക്കിയതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ്

Published

|

Last Updated

ലണ്ടൻ | ഇന്ത്യയിൽ നിന്നുള്ള യുവ പ്രഫഷനലുകൾക്ക് പ്രതിവർഷം 3,000 വിസ അനുവദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക്. ഇന്തോനേഷ്യയിലെ ബാലിയിൽ ജി 20 ഉച്ചകോടിവേദിയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. ബാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഋഷി സുനക് വിസ പദ്ധതി പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം അംഗീകരിച്ച യു.കെ-ഇന്ത്യ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പങ്കാളിത്ത കരാരിന്റെ തുടർച്ചയായാണ് യു.കെ ഇന്ത്യ യങ് പ്രഫഷനൽ സ്‌കീം എന്ന പദ്ധതി യഥാർഥ്യമാക്കിയതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ബിരുദധാരികളായ 18 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് രണ്ട് വർഷത്തേക്ക് വിസയുടെപ്രയോജനം ലഭിക്കും. ബ്രിട്ടണിൽ രണ്ട് വർഷം ജീവിക്കാനും തൊഴിൽ ചെയ്യാനും ഈ വിസ വഴി സാധിക്കും.

ഇൻഡോ-പസഫിക് മേഖലയിലെ മിക്കവാറും എല്ലാ രാജ്യത്തേക്കാളും ഇന്ത്യയുമായാണ് ബ്രിട്ടണ് കൂടുതൽ ബന്ധമുള്ളത്. യുകെയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നാലിലൊന്ന് പേരും ഇന്ത്യയിൽ നിന്നുള്ളവരാണ് എന്നതാണ് ഇതിന് പ്രധാന കാരണം. ഇന്ത്യയിൽനിന്നുള്ള നിക്ഷേപം ബ്രിട്ടണിൽ 95,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്.

കുടിയേറ്റവുമായി ബന്ധപ്പെട്ട് മികച്ച സഹകരണം ഉറപ്പാക്കുന്നതിനായി കഴിഞ്ഞ വർഷം യു.കെ-ഇന്ത്യ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചിരുന്നു. ഇന്ത്യൻ പ്രഫഷനലുകളുടെ തൊഴിൽപരമായ നൈപുണ്യവും വിശാലമായ വിപണിയും ബ്രിട്ടന്റെ സാമ്പത്തിക ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യവും കരാരിനുണ്ട്.

ജി20 സമ്മേളന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‍ചയിൽ യു.കെയിൽ ഇന്ത്യക്കാർക്കുള്ള തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഉറപ്പു നൽകിയിരുന്നു. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ അവസ്ഥയിലും ഭാവി ബന്ധങ്ങൾക്കായുള്ള 2030 റോഡ്മാപ്പിലെ പുരോഗതിയിലും ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. ജി 20, കോമൺ‌വെൽത്ത് എന്നിവയുൾപ്പെടെ ഉഭയകക്ഷി, ബഹുമുഖ വേദികളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യത്തെ ഇരു നേതാക്കളും അഭിനന്ദിച്ചു.

വ്യാപാരം, മൊബിലിറ്റി, പ്രതിരോധം, സുരക്ഷ തുടങ്ങിയ സഹകരണത്തിന്റെ സുപ്രധാന മേഖലകളെയും ചർച്ചാവിഷയമായി.

 

Latest