shashi tharoor
തരൂരിന്റെ നിലപാട് ആശാവഹമെന്ന് ബ്രിട്ടാസ്; കലഹിച്ചത് കൂടുതലും ബ്രിട്ടാസിന്റെ പാര്‍ട്ടിയോടെന്ന് മറുപടി
എം പിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യവുമായി മുന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ രംഗത്തെത്തിയിരുന്നു
തിരുവനന്തപുരം | പിണറായി സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ലൈനിനെതിരെ കേരളത്തില്‍ നിന്നുള്ള യു ഡി എഫ് എം പിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയപ്പോള്‍ ഒപ്പിടാതിരുന്ന ശശി തരൂര്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന കാഴ്ചപ്പാടിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പാര്‍ട്ടിയില്‍ വലിയ പ്രതിഷേധമാണ് തരൂരിനെതിരെ ഉയര്‍ന്നത്. എം പിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യവുമായി മുന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ രംഗത്തെത്തിയിരുന്നു.
പാര്‍ട്ടിയില്‍ ശശി തരൂര്‍ ഒറ്റപ്പെടുമ്പോള്‍ ഇത് മുതലെടുക്കുവാനുള്ള ശ്രമം കേരളത്തിലെ ഭരണ പക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. വികസനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശശി തരൂര്‍ നടത്തിയത് നാടിന്റെ പൊതുവായ വികാരപ്രകടനമാണ് എന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഈ വിഷയത്തില്‍ ശശി തരൂരിരനെ പിന്തുണച്ച് രംഗത്തെത്തിയ രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസിന്റെ കുറിപ്പും അതിന് ശശി തരൂര്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.
കേരള വികസനത്തില്‍ സങ്കുചിത രാഷ്ട്രീയം കലര്‍ത്തിയാല്‍ അത് സംസ്ഥാനത്തിന്റെ ഭാവിയെ തന്നെ അവതാളത്തിലാക്കും. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായി കേരളം ഒന്നടങ്കം നിലകൊള്ളുമ്പോഴാണ് നമുക്ക് പുരോഗതി ഉണ്ടാകുക. ദേശീയപാത വികസനവും ദ്രവീകൃത പ്രകൃതി വാതക പൈപ്പ് ലൈനും ഇടമണ്‍ ഊര്‍ജ്ജ പാതയുമൊക്കെ നമ്മള്‍ വൈകിപ്പിച്ചു. വൈകിയാണെങ്കിലും ഇന്നതൊക്കെ യാഥാര്‍ഥ്യമാകുന്നു. സമരങ്ങളുടെ പെരുംകോട്ട കെട്ടിയവരെയൊക്കെ ജനങ്ങള്‍ തള്ളി.
നമുക്ക് രാഷ്ട്രീയത്തിന് മേല്‍ തര്‍ക്കിക്കാം കലഹിക്കാം. എന്നാല്‍ അത് കേരള വികസനത്തെ അട്ടിമറിച്ചുകൊണ്ട് ആകരുത്. മുതിര്‍ന്ന പാര്‍ലമെന്റേറിയനും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ കൈക്കൊണ്ടിരിക്കുന്ന നിലപാട് ആശാവഹവും സ്വാഗതാര്‍ഹവുമാണ്. കോണ്‍ഗ്രസിന് അദ്ദേഹത്തെ മാതൃകയാക്കാവുന്നതാണെന്നുമായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം.
എന്നാല്‍ ഇതിന് മറുപടിയുമായി ശശി തരൂര്‍ തന്നെ രംഗത്തെത്തി. താന്‍ എല്ലാ കാലത്തും വികസനത്തിന് വേണ്ടിയാണ് പോരാടിയത്. അതില്‍ കൂടുതലും ബ്രിട്ടാസിന്റെ പാര്‍ട്ടിക്ക് എതിരെയാണ് എന്നായിരുന്നു തിരുവനന്തപുരം എം പിയുടെ മറുപടി. സി പി എമ്മിനോട് അനുഭാവം പ്രകടിപ്പിക്കുന്ന എന്ന പാര്‍ട്ടിക്കുള്ളിലെ തന്നെ നേതാക്കളുടെ സംശയത്തിന് മറുപടി കൂടിയായാണ് ഈ പ്രതികരണം കണക്കാക്കുന്നത്. കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് കെ പി സി സി പ്രസിഡന്റ് നേരിട്ടെത്തി ധരിപ്പിക്കാനിരിക്കെ കോണ്‍ഗ്രസിനൊപ്പം തന്നെയായിരിക്കും താന്‍ എന്ന സൂചന നേതൃത്വത്തിന് കൂടി നല്‍കാന്‍ ഈ മറുപടിയിലൂടെ തരൂര്‍ ശ്രമിക്കുന്നുണ്ട്. വികസനം തന്നെയാണ് തന്റെ പ്രഥമ പരിഗണന എന്നും തരൂര്‍ ഇത് വഴി സൂചിപ്പിക്കുന്നു.