Ongoing News
ഒളിംപിക്‌സ് ഹോക്കിയിലെ വെങ്കല മെഡല്‍ നേട്ടം; ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
തലമുറകള്‍ ഓര്‍ക്കാന്‍ പോകുന്ന വിജയമെന്ന് പ്രധാനമന്ത്രി. ഇന്ത്യന്‍ ഹോക്കിയെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ച വിജയമെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി | ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും വെങ്കല മെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും. തലമുറകള്‍ ഓര്‍ക്കാന്‍ പോകുന്ന വിജയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം ഒളിംപിക്‌സിലും മെഡല്‍ നേട്ടമെന്നത് സവിശേഷമാണ്. ടീം അംഗങ്ങളുടെ ഒത്തിണക്കവും കഴിവും പ്രയത്‌നവുമാണ് വിജയത്തിലേക്ക് നയിച്ചത്.
വലിയ പോരാട്ടമാണ് അവര്‍ കാഴ്ചവെച്ചത്. എല്ലാ താരങ്ങളെയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഹോക്കിയുമായി എല്ലാ ഇന്ത്യക്കാര്‍ക്കും വൈകാരിക ബന്ധമുണ്ടെന്നും ഈ വിജയം നമ്മുടെ രാജ്യത്തെ യുവാക്കളെ ഹോക്കിയോട് കൂടുതല്‍ അടുപ്പിക്കുമെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ ഹോക്കിയെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ച വിജയമെന്ന് രാഷ്ട്രപതിയും പ്രതികരിച്ചു.
സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഹോക്കിയില്‍ ഇന്ത്യയുടെ നാലാമത് വെങ്കല നേട്ടമാണിത്. ഒളിംപിക്‌സ് ഹോക്കിയില്‍ 13-ാം മെഡലും. 52 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ തുടര്‍ച്ചയായി രണ്ട് മെഡല്‍ നേടുന്നത്.