oommen chandy
ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ നൽകാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് സഹോദരനും ബന്ധുക്കളും
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം | മുൻ മുഖ്യമന്ത്രിയും കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ നൽകാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സഹോദരനും ബന്ധുക്കളും മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകി. കോട്ടയം പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ തറവാട്ടുവീടായ കരോട്ട് വള്ളക്കാലില്‍ താമസിക്കുന്ന അനുജൻ അലക്സ് വി ചാണ്ടിയും അടുത്ത ബന്ധുക്കളുമടക്കം 42 പേരാണ് കത്തിൽ ഒപ്പുവെച്ചത്. ചികിത്സ വിലയിരുത്താൻ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം സ്പീക്കർ, ആരോഗ്യമന്ത്രി എന്നിവർക്കും കത്ത് നൽകിയിട്ടുണ്ട്.
മകൻ ചാണ്ടി ഉമ്മനോടൊപ്പം കഴിയുന്ന ഉമ്മന്‍ ചാണ്ടിക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വിദഗ്ധ ചികിത്സ നൽകേണ്ട ഘട്ടത്തിൽ കുടുംബം പ്രാർഥന അടക്കമുള്ള മറ്റ് മാർഗങ്ങൾ മാത്രം തേടുകയാണ്. ജര്‍മനിയിലെ ചികിത്സകളുടെ തുടര്‍ച്ചയായി ബെംഗളൂരുവിലെ ആശുപത്രിയില്‍ അദ്ദേഹത്തിന് തുടര്‍ ചികിത്സ ലഭ്യമാക്കിയിരുന്നു. എന്നാൽ ഇത് വേണ്ടവിധത്തിൽ നടക്കുന്നില്ല. നിരന്തരം ചികിത്സ വേണ്ട ഘട്ടമാണെന്നിരിക്കെ, ചെക്കപ്പിന് മാത്രമായാണ് ആശുപത്രിയിൽ പോകുന്നത്. രോഗം അതിഗുരുതരമായതിനാല്‍ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും കത്തിൽ പറയുന്നു.
അതിനിടെ, തൻ്റെ ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ഖേദം ഉണ്ടെന്ന് ഉമ്മൻ ചാണ്ടി ഇന്നലെ സാമൂഹിക മാധ്യമത്തിൽ വ്യക്തമാക്കിയിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് കുടുംബവും പാർട്ടിയും ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എന്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതുകൊണ്ട്, ഒരാൾക്കെതിരെയും നടത്താൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ഇപ്പോൾ നടക്കുന്ന ദുഷ്പ്രചാരണം എനിക്കും കുടുംബാംഗങ്ങൾക്കും വലിയ മാനസിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. താനിപ്പോഴും കർമ്മമണ്ഡലത്തിൽ തന്നെ സജീവമായി ഉണ്ട്. മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണം ശരീരത്തെ അലട്ടുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ്.
ലോകത്തിലെ മികച്ച വൈദ്യശാസ്ത്രത്തിന്റെ നിർദേശാനുസരണമാണ് ചികിത്സ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഇതിന് പിന്നിൽ അറിഞ്ഞോ അറിയാതെയോ ഇടപെട്ടിട്ടുള്ളവർ ഇനിയെങ്കിലും ഇത്തരം പ്രചരണങ്ങളിൽ നിന്നും പിന്തിരിയണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ചികിത്സാർഥം ഉമ്മൻ ചാണ്ടിയെ ഈയടുത്ത് ജർമനിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.