Kerala
തിരുവനന്തപുരത്ത് കൂട്ടക്കൊല; യുവാവ് കൊലപ്പെടുത്തിയത് ബന്ധുക്കളും പെണ്‍സുഹൃത്തുമടക്കം അഞ്ചുപേരെ
പ്രതി 23കാരന്‍ അഫാന്‍ പോലീസില്‍ കീഴടങ്ങി

തിരുവനന്തപുരം | വെഞ്ഞാറമൂടില്‍ യുവാവ് കൂട്ടക്കൊല നടത്തി. പെണ്‍സുഹൃത്തിനേയും സഹോദരന്‍ അടക്കമുള്ള നാലു ബന്ധുക്കളെയുമാണ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ പ്രതി പേരുമല സ്വദേശി 23കാരന്‍ അഫാന്‍ പോലീസില്‍ കീഴടങ്ങി.
അഫാന്റെ പിതാവിന്റെ ഉമ്മ സല്‍മാ ബീവി (88), പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഇദ്ദേഹത്തിന്റെ ഭാര്യ ഷാഹിദ, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് കൊന്നത്. ആക്രമണത്തിനിരയായ അഫാന്റെ മാതാവ് ഷമി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കാന്‍സര്‍ രോഗി കൂടിയാണ് ഇവര്‍.
മൂന്നു വീടുകളിലായാണ് കൊലപാതകം നടന്നത്. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് കൊല നടത്തിയത്. പ്രതി വെടിയുതിര്‍ത്തതായും നാട്ടുകാരിലൊരാള്‍ പറഞ്ഞു. അഫാന്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് അറിയുന്നത്. എലി വിഷം കഴിച്ചെന്നു പറഞ്ഞ പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊലപാതക ശേഷം വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പ്രതി തുറന്നുവിട്ടു.
കൃത്യത്തിനു ശേഷം അഫ്നാന്‍ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. യുവാവ് പറഞ്ഞ സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തിവരികയാണ്. രണ്ട് ദിവസമായി പെണ്‍കുട്ടി അഫാന്റെ വീട്ടിലുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.