Kerala
ബ്രൗണ്‍ ഷുഗറും കഞ്ചാവും പിടിച്ചു; ദമ്പതികള്‍ അടക്കം അറസ്റ്റിൽ
ദിവസങ്ങളായി പ്രതികള്‍ ജില്ലാ പോലീസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു.

പത്തനംതിട്ട | ജില്ലയില്‍ പോലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ബ്രൗണ്‍ ഷുഗറും കഞ്ചാവും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് സ്‌പെഷ്യല്‍ ടീമും ലോക്കല്‍ പോലീസും അടൂര്‍, ഏനാത്ത് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ സംയുക്ത റെയ്ഡിലാണ് പ്രതികള്‍ കുടുങ്ങിയത്. അടൂര്‍ വടക്കടത്തുകാവിലെ വാടകവീട്ടില്‍ നിന്നാണ് 14 ചെറിയ കുപ്പികളിലായി വില്പനക്ക് സൂക്ഷിച്ച 3.62 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസ്സാം സ്വദേശികളായ ദമ്പതികള്‍ കുടുങ്ങിയത്.
ആസ്സാം മാരിഗാവ് ചാരായ്ബഹി ലാഹൗരിഗട്ട് പലഹ്ജുരി ഫാകറുദീന്‍ (26), ആസ്സാം നാഗയോവ് പഠിയചപാരി റൗമാരിഗയോവ് ഫരിദാ ഖത്തൂന്‍ (23) എന്നിവരെയാണ് ബ്രൗണ്‍ ഷുഗറുമായി പിടികൂടിയത്. ദിവസങ്ങളായി പ്രതികള്‍ ജില്ലാ പോലീസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ടീമും ഏനാത്ത് പോലീസും നടത്തിയ സംയുക്ത റെയ്ഡില്‍ ഏനാത്ത് നിന്നും 40 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കൊല്ലം കുന്നത്തൂര്‍ ശിവവിലാസം വിഷ്ണുവാണ് അറസ്റ്റിലായത്. ജില്ലയില്‍ പല സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കാലങ്ങളായി ഇയാള്‍ കഞ്ചാവ് കച്ചവടം നടത്തിവരികയാണ്. ഇയാള്‍ക്കൊപ്പം കൂട്ടാളികളുണ്ടോ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് അന്വേഷിച്ചുവരികയാണ്.
ജില്ലാ നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി. കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും അടൂര്‍, ഏനാത്ത് പോലീസും റെയ്ഡുകളില്‍ പങ്കെടുത്തു. ഇത്തരം പരിശോധനകള്‍ ജില്ലയില്‍ ശക്തമായി തുടരുമെന്ന് പോലീസ് മേധാവി അറിയിച്ചു.