National
ബി.ആര്‍.എസ് നേതാക്കളായ വെങ്കടേശ് നേഥയും ജീവന്‍ റെഡ്ഡിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു
ബി.ആര്‍.എസില്‍ നിന്ന് കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൈദരാബാദ്| തെലങ്കാനയിലെ ഭരണം നഷ്ടമായതിന് പിന്നാലെ ബി.ആര്‍.എസ് പേദപ്പള്ളി ലോക്‌സഭ എം.പി ബി. വെങ്കടേശ് നേഥയും തിരുമല തിരുപ്പതി ദേവസ്ഥനം മുന്‍ ബോര്‍ഡ് അംഗവുമായ മന്നേ ജീവന്‍ റെഡ്ഡിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തെത്തിയാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശനം. തുടര്‍ന്ന് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ സന്ദര്‍ശിച്ചു. നേരത്തെ കോണ്‍ഗ്രസിലായിരുന്നു വെങ്കടേഷ് നേഥ. 2018-ല്‍ നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ബിആര്‍എസില്‍ ചേര്‍ന്നാണ് ലോക്സഭയിലേക്കെത്തിയത്.
ബി.ആര്‍.എസില്‍ നിന്ന് കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ആര്‍.എസ് മുന്‍ എം.എല്‍.എ ടി രാജയ്യ രാജിവെച്ചിട്ടുണ്ട്. അദ്ദേഹവും ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.