Ongoing News
പിതാവിന് ക്രൂര മര്‍ദനം: മകന്‍ അറസ്റ്റില്‍
അധികമായി വന്ന കറന്റ് ബില്ല് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ മകന്‍, പിതാവിനെ വാരിയെല്ലിനും നെഞ്ചത്തും കാല്‍മുട്ടുകൊണ്ട് ഇടിക്കുകയായിരുന്നു.

പത്തനംതിട്ട | പിതാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി അത്തിക്കയം നാറാണംമുഴി നെടുംപതാലില്‍ വീട്ടില്‍ വര്‍ഗീസ് തോമസി (67)നാണ് മകന്‍ ബിജോയ് വര്‍ഗീസി (35)ല്‍ നിന്നും മര്‍ദനമേറ്റത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം. അധികമായി വന്ന കറന്റ് ബില്ല് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ മകന്‍, വര്‍ഗീസ് തോമസിനെ വലിച്ചുതാഴെയിട്ട് വാരിയെല്ലിനും നെഞ്ചത്തും കാല്‍മുട്ടുകൊണ്ട് ഇടിക്കുകയായിരുന്നു. ആറാം വാരിഭാഗത്തെ അസ്ഥികള്‍ക്ക് പൊട്ടലേറ്റു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദനം തുടര്‍ന്നപ്പോള്‍ പ്രതിയുടെ മാതാവ് ഇടയ്ക്കുകയറി പിടിച്ചുമാറ്റുകയായിരുന്നു.
പെരുനാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിജയന്‍ തമ്പി കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ മാടമണ്ണില്‍ നിന്നും പിടികൂടി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ പിതാവിനെ ഉപദ്രവിക്കുന്നത് പതിവാണെന്ന് അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. വെട്ടുകത്തികൊണ്ട് തലയ്ക്കും പുറത്തും വെട്ടിപ്പരുക്കേല്‍പ്പിച്ചതിന് 2016 ല്‍ ഇയാള്‍ക്കെതിരെ പെരുനാട് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
അയല്‍വാസിയായ വീട്ടമ്മയെ ഉപദ്രവിച്ചതിന് 2020 ലെടുത്ത ദേഹോപദ്രവ കേസിലും ബിജോയ് വര്‍ഗീസ് പ്രതിയാണ്. പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.