Connect with us

Kerala

ക്രൂരമായ റാഗിങ്; പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ മരിച്ചിട്ട് ഒരാണ്ട്

കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ പല പ്രാവശ്യം ശ്രമം നടന്നിരുന്നു. പ്രതികള്‍ക്ക് പഠനം തുടരാനുള്ള ഇടപെടല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരിക്കുകയാണ്.

Published

|

Last Updated

വയനാട്| ക്രൂരമായ റാഗിങിനിരയായ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ത്ഥന്‍ മരിച്ചിട്ട് ഒരാണ്ട്. കേസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരടക്കം 17 പേര്‍ പ്രതികളാണ്. കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ പല പ്രാവശ്യം ശ്രമം നടന്നിരുന്നു. പ്രതികള്‍ക്ക് പഠനം തുടരാനുള്ള ഇടപെടല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരിക്കുകയാണ്.

2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ത്ഥനെ പൂക്കോട് വെറ്ററിനറി കോളജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്എഫ്ഐ പ്രവര്‍ത്തകരടക്കമുള്ളവരില്‍ നിന്ന് പാറപ്പുറത്തും മുറിയില്‍ വച്ചും സിദ്ധാര്‍ത്ഥന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിച്ച് പരസ്യവിചാരണ ചെയ്തു. ബെല്‍റ്റും മൊബൈല്‍ഫോണ്‍ ചാര്‍ജറുകളും വച്ച് അടിക്കുകയും ശരീരത്തില്‍ പലതവണ ചവിട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സിദ്ധാര്‍ത്ഥന്റെ ദേഹത്ത് കണ്ട മുറിവുകളും കോളജ് അധികൃതരുടെ അസ്വാഭാവികമായ പെരുമാറ്റവുമാണ് മരണത്തില്‍ അന്വേഷണം വേണമെന്ന് വീട്ടുകാര്‍ തീരുമാനിക്കാന്‍ കാരണം. മൃതദേഹം കോളജില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വീട്ടിലേക്ക് കൊണ്ട് വരുമ്പോള്‍ കോളജില്‍ വച്ച് ആംബുലന്‍സിലേക്ക് ഒരാള്‍ എറിഞ്ഞ കടലാസും അതിലൂടെ പുറത്തുവന്ന വിവരങ്ങളുമാണ് സിദ്ധാര്‍ത്ഥന്‍ ക്രൂരമായ റാഗിങിന് ഇരയായെന്ന വിവരം വീട്ടുകാര്‍ അറിയാന്‍ ഇടയാക്കിയത്.

കേസില്‍ സമ്മര്‍ദ്ദം ശക്തമായതോടെയാണ് നടപടികള്‍ ഉണ്ടായത്. തുടര്‍ന്ന് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ മരണത്തിന് ഉത്തരവാദികളായ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. കേസിലെ പ്രതികള്‍ക്ക് മണ്ണുത്തി കാമ്പസില്‍ തുടര്‍ പഠനം നടത്താന്‍ അടുത്തിടെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങിയിരിക്കുകയാണ് സിദ്ധാര്‍ത്ഥന്റെ കുടുംബം.

 

 

 

---- facebook comment plugin here -----

Latest