Kerala
തൊഴിലാളികള്‍ക്ക് ക്രൂര പീഡനം: കലൂരിലെ കമ്പനിക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി
ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ നായകളെ പോലെ മുട്ടിലിഴപ്പിച്ചുള്‍പ്പെടെ പീഡനം

കൊച്ചി | തൊഴിലാളികളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ സ്വകാര്യ സ്ഥാപനമായ കലൂരിലെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സ് കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഒരു സ്ഥലത്തും നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്ന് മന്ത്രി പറഞ്ഞു.
വാര്‍ത്തകളിലൂടെയാണ് സംഭവം അറിഞ്ഞത്. ഇനി ഇത്തരം പീഡനങ്ങള്‍ ആവര്‍ത്തിക്കരുത്. ശക്തമായ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു തരത്തിലുള്ള തൊഴില്‍ പീഡനവും അനുവദിക്കില്ല. അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ എറണാകുളം ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് നടപടികളിലേക്ക് കടക്കും. ഇത്തരം കാര്യങ്ങള്‍ അംഗീകരിച്ച് മുന്നോട്ട് പോകില്ല. ഇത്തരത്തില്‍ ഒരു സ്ഥാപനത്തെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഒരു തൊഴിലാളിയാണെങ്കില്‍ പോലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ തൊഴിലാളികള്‍ക്കെതിരെ കടുത്ത പീഡനങ്ങള്‍ക്കിരയാക്കുന്നുവെന്നാണ് കമ്പനിക്കെതിരെയുള്ള പരാതി. കഴുത്തില്‍ ബെല്‍റ്റിട്ട് നായകളെ പോലെ മുട്ടിലിഴയാനും നിലത്ത് പഴം ചവച്ച് തുപ്പിയ ശേഷം അതെടുപ്പിക്കാനും പ്രേരിപ്പിച്ചെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീടുകളിലെത്തി വീട്ടുപകരണങ്ങളും പാത്രങ്ങളും വില്‍ക്കുന്ന ഉദ്യോഗസ്ഥരെയാണ് ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ ഉപദ്രവിച്ചത്. ഇതിനെതിരെ തൊഴിലാളികള്‍ പരാതി നല്‍കിയിരുന്നു.