Connect with us

National

മുതിര്‍ന്ന സി പി എം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ വെച്ചാണ് അന്ത്യം

Published

|

Last Updated

ന്യൂഡല്‍ഹി | മുതിര്‍ന്ന സി പി എം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഇന്ന് രാവിലെ  ആയിരുന്നു അന്ത്യം. ബംഗാള്‍ സി പി എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ആണ് മരണവിവരം അറിയിച്ചത്. 2000 മുതല്‍ 2011വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. ജ്യോതിബസു സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ്  ബുദ്ധദേബ് ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. 35 വര്‍ഷം നീണ്ടുനിന്ന സി പി എം ഭരണത്തിലെ അവസാന മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ്.

1966-ല്‍ സി പി എം അംഗമായി പ്രവര്‍ത്തനം തുടങ്ങിയ ബുദ്ധദേവ് ഭട്ടാചാര്യ 1968-ല്‍ പാര്‍ട്ടി യുവജന വിഭാഗം പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയായി. 1971-ല്‍ പാര്‍ട്ടി പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1982-ല്‍ സംസ്ഥാന സെക്രേട്ടറിയറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1984-ല്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി.

1985-ല്‍ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും 2000-ല്‍ പോളിറ്റ് ബ്യൂറോ അംഗമാവുകയും ചെയ്തു. 1977-ല്‍ പശ്ചിമ ബംഗാളില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പ് മന്ത്രിയായി . 1987-ല്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സ് മന്ത്രിയായി. തുടര്‍ന്ന് 1996-ല്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയായി. 1999-ല്‍ ഉപ മുഖ്യമന്ത്രിയായ ഭട്ടാചാര്യ 2000-ല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി.

ബംഗാളിലെ നന്ദിഗ്രാമില്‍ കര്‍ഷക ഭൂമി വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടി പതിച്ചു നല്‍കിയ നടപടി വന്‍ പ്രധിഷേധ സമരങ്ങള്‍ക്കിടയാക്കി. തുടര്‍ന്ന് 2007 മാര്‍ച്ച് 14ന് നന്ദിഗ്രാമില്‍ സമരക്കാര്‍ക്ക് നേരെ നടന്ന പോലീസ് വെടിവെയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഉയര്‍ന്ന വന്‍  പ്രതിഷേധം സംസ്ഥാനത്ത് സി പി എം ഭരണത്തിന്റെ തകര്‍ച്ചക്കു കാരണമായി.

 

 

Latest