metro rail
ബജറ്റ് പ്രഖ്യാപനം; മോട്രോ സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നു
2031 ആകുമ്പോഴേക്ക് കേരളത്തിലെ ജനസംഖ്യയില്‍ 70 ശതമാനം ആളുകളും നഗരങ്ങളിലേക്ക് ചേക്കേറുമെന്നാണ് പഠനങ്ങള്‍
![](https://assets.sirajlive.com/2024/12/metro-897x538.jpg)
കോഴിക്കോട് | തിരുവനന്തപുരം, കോഴിക്കോട് മോട്രോ യാഥാര്‍ഥ്യമാക്കുമെന്ന കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനത്തിലൂടെ രണ്ടു പ്രധാന നഗരങ്ങളുടെ മെട്രോ പ്രതീക്ഷക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നു.
മെട്രോക്കായുള്ള പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്നും പറയുന്ന കാര്യം നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇതെന്നും മന്ത്രി പറഞ്ഞു. 2031 ആകുമ്പോഴേക്ക് കേരളത്തിലെ ജനസംഖ്യയില്‍ 70 ശതമാനം ആളുകളും നഗരങ്ങളിലേക്ക് ചേക്കേറുമെന്നാണ് പഠനങ്ങള്‍ പറയുന്നത് എന്നതിനാല്‍ നഗരവല്‍ക്കരണത്തെയും സാമ്പത്തിക വളര്‍ച്ചയെയും സമന്വയിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ കൊണ്ടുവരുമെന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി മെട്രൊപൊളീറ്റന്‍ പ്ലാനിങ് കമ്മിറ്റികള്‍ കൊണ്ടുവരുമെന്നുമെല്ലാം ഉള്ള പ്രഖ്യാപനങ്ങളുടെ ഭാഗമായി ലൈറ്റ് മെട്രോക്ക് ജീവന്‍ വയ്പ്പിക്കുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
കോഴിക്കോട് നഗരത്തിനും അതിന്റെ പ്രാന്തപ്രദേശങ്ങള്‍ക്കുമായി ഒരു മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യത 2010 ലാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നത്. മീഞ്ചന്തയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി നഗരത്തിന്റെ ഹൃദയത്തിലൂടെ ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി എന്നതായിരുന്നു ആദ്യ ഘട്ടത്തില്‍ നിര്‍ദ്ദേശം. ബാംഗ്ലൂര്‍ ആസ്ഥാനമായ കണ്‍സള്‍ട്ടന്റ് വില്‍ബര്‍ സ്മിത്ത് ഒരു പ്രാരംഭ സാധ്യതാ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനിടെ കോഴിക്കോട് മോണോറെയില്‍ പദ്ധതിയിലേക്ക് മാറുകയാണെന്ന പ്രഖ്യാപനം ഉണ്ടായി. തുടര്‍ന്ന് സംസ്ഥാന മന്ത്രിസഭ കോഴിക്കോടും തിരുവനന്തപുരത്തും മോണോറെയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ഒരു പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ തീരുമാനിച്ചു. 2012 ഒക്ടോബറില്‍ ഇതിനായി ഭരണാനുമതി നല്‍കി.
2012 നവംബര്‍ 26 ന് തിരുവനന്തപുരം മോണോറെയില്‍ പദ്ധതി കെ എം സി എലിനെ ഏല്‍പ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു . അതിനുമുമ്പ് സര്‍ക്കാര്‍ കോഴിക്കോട് മോണോറെയില്‍ പദ്ധതി കെ എം സി എലിന് കൈമാറി. 2013 ജൂണ്‍ 12 ന് കെ എം സി എലും ഡി എം ആര്‍ സി യും തമ്മില്‍ ഒപ്പുവെക്കേണ്ട കരാറിന് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കി. ഇത് കോഴിക്കോടും തിരുവനന്തപുരത്തുമുള്ള മോണോറെയില്‍ പദ്ധതികളുടെ ജനറല്‍ കണ്‍സള്‍ട്ടന്റായി കെ എം സി എലിനെ മാറ്റി. 2013 ജൂണ്‍ 19 ന് കണ്‍സള്‍ട്ടന്‍സി ഫീസ് നിര്‍ദ്ദേശിച്ച് കരാര്‍ ഒപ്പിട്ടു. ചെലവ് കൂടുതലായതിനാലും ലേലത്തില്‍ പങ്കെടുത്തവരില്‍ നിന്നുള്ള തണുത്ത പ്രതികരണത്താലും പദ്ധതി നിര്‍ത്തിവച്ചു. ബോംബാര്‍ഡിയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാത്രമാണ് പദ്ധതിക്ക് ലേലം വിളിച്ചത്. പിന്നീട് പദ്ധതി ഉപേക്ഷിക്കുകയും ലൈറ്റ് മെട്രോ നിര്‍ദ്ദേശിക്കുകയും ചെയ്തു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആരംഭിച്ച് രാമനാട്ടുകര, മീഞ്ചന്ത, മിനി-ബൈപാസ്, അരയടത്തുപാലം എന്നിവിടങ്ങളിലൂടെ കടന്ന് മെഡിക്കല്‍ കോളേജില്‍ അവസാനിക്കുമെന്നും 2031 ആകുമ്പോഴേക്കും 2,083,000 ആളുകള്‍ക്ക് പുതിയ ഗതാഗത സംവിധാനത്തിന്റെ പ്രയോജനങ്ങള്‍ ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ഈ പദ്ധതി സാമ്പത്തികമായും സാങ്കേതികമായും സാധ്യമാകുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ടില്‍ പറഞ്ഞു. പിന്നീട് പ്രവര്‍ത്തനങ്ങള്‍ നിലച്ചു. പദ്ധതിക്കായി കോഴിക്കോട് ആരംഭിച്ച ഓഫീസുകളെല്ലാം അടയ്ക്കുകയും ചെയ്തു. പുതിയ ബജറ്റ് പ്രഖ്യാപനത്തിലൂടെ കോഴിക്കോട്, തിരുവനന്തപുരം മെട്രോ സ്വപ്‌നങ്ങള്‍ക്കു വീണ്ടും ജീവന്‍ വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.