Connect with us

udf protest

ബജറ്റ്: നിയമ സഭയിലേക്ക് നടന്ന് പ്രതിഷേധിച്ച് യു ഡി എഫ് അംഗങ്ങള്‍

നികുതിക്കൊള്ള, പിടിച്ചുപറി, പോക്കറ്റടി എന്ന ബാനര്‍ പിടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Published

|

Last Updated

തിരുവനന്തപുരം | ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലെ നികുതിവര്‍ധനക്കും ഇന്ധന സെസിനുമെതിരെ നടത്ത പ്രതിഷേധവുമായി യു ഡി എഫ് നിയമസഭാംഗങ്ങള്‍. ഇന്ന് രാവിലെയാണ് നിയമസഭയിലേക്ക് യു ഡി എഫിന്റെ എം എല്‍ എമാര്‍ മുദ്രാവാക്യം വിളികളുമായി നടന്നുപ്രതിഷേധിച്ചത്. എം എല്‍ എ ഹോസ്റ്റലില്‍ നിന്ന് നിയമസഭാ മന്ദിരത്തിലേക്കായിരുന്നു പ്രതിഷേധ പ്രകടനം.

നികുതിക്കൊള്ള, പിടിച്ചുപറി, പോക്കറ്റടി എന്ന ബാനര്‍ പിടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സതീശന് പുറമെ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, പി കെ ബശീര്‍, കെ പി എ മജീദ്, ഉമ തോമസ് അടക്കമുള്ളവര്‍ മുന്‍നിരയിലുണ്ടായിരുന്നു. രാവിലെ 8.25ന് ആരംഭിച്ച പ്രതിഷേധ പ്രകടനം 8.40ന് ശേഷം നിയമസഭാ കവാടത്തിലെത്തി.

കൂട്ടിയ നികുതി ഒരു പൈസ പോലും പിന്‍വലിക്കില്ലെന്ന് ധനമന്ത്രി ഇന്നലെ സഭയില്‍ പ്രഖ്യാപിച്ചത് ജനങ്ങളോട് പുച്ഛമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധമാണ് പ്രതിപക്ഷം പ്രകടിപ്പിക്കുന്നത്. അധികാരത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും തലക്കുപിടിച്ച ഭരണകൂടമാണ് ഭരിക്കുന്നത്. തുടര്‍ഭരണം ലഭിച്ച അഹങ്കാരത്തിലാണ് സര്‍ക്കാര്‍. ജനങ്ങളെ മറക്കുകയും സമരത്തോട് പുച്ഛം പ്രകടിപ്പിക്കുകയും ചെയ്യുന്നു. നികുതി വര്‍ധനക്കെതിരെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

Latest