Connect with us

Articles

ബജറ്റ്: കേരളം പ്രതീക്ഷിക്കുന്നത്

കേന്ദ്ര ധനമന്ത്രി അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശം മാന്ദ്യം നേരിടുന്നതിനും പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാ നിരക്കിന് അടുത്തെങ്കിലും എത്തുന്നതിനും അടിയന്തര നടപടികള്‍ ഉറപ്പാക്കണമെന്നതാണ്.

Published

|

Last Updated

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര സര്‍ക്കാറിന്റെ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെ സമ്പദ് വ്യവസ്ഥ ഉണര്‍ത്താന്‍ ഉതകുന്ന പരിപാടി ഉണ്ടാകുമോ എന്നതിലാണ് രാജ്യമാകെ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കാര്യങ്ങള്‍ എല്ലാം അത്ര നല്ല നിലയില്‍ അല്ല എന്നത് ഏതാണ്ട് എല്ലാ വിഭാഗവും അംഗീകരിക്കുന്നു. അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ സാമ്പത്തിക ആസൂത്രകരെയും വിദഗ്ധരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതിലൊന്ന് രാജ്യം മാന്ദ്യത്തിലേക്ക് വഴുതിവീണു എന്നതാണ്. വളര്‍ച്ചാ മുരടിപ്പാണ് മറ്റൊരു പ്രധാന പ്രശ്‌നം.

നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കവെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ അവകാശപ്പെട്ടത് ഈ വര്‍ഷം രാജ്യം 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ്. ഫലം നേര്‍വിപരീതമാണ്. വ്യാവസായിക വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 14.3 ശതമാനത്തില്‍നിന്ന് 3.9 ശതമാനമായി മൂക്കുകുത്തി.

ഇപ്പോള്‍ നേരിടുന്ന മാന്ദ്യത്തിന് പല കാരണങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നു. ഉയര്‍ന്ന പണപ്പെരുപ്പം മൂലം അവശ്യസാധനങ്ങള്‍ ഒഴികെയുള്ളവക്കായി ആളുകള്‍ ചെലവഴിക്കുന്നത് കുറഞ്ഞു. രാജ്യത്ത് പലിശ നിരക്ക് ഉയര്‍ന്നുനില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ മൂലധന നിക്ഷേപം ചുരുക്കി. സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കവും മൂലധന നിക്ഷേപത്തെ ബാധിക്കുന്നു. നഗര ഉപഭോഗത്തില്‍ വന്ന ഇടിവ്, പ്രതികൂല കാലാവസ്ഥ, വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ, കയറ്റുമതിയിലെ ഇടിവ് തുടങ്ങിയവയെല്ലാം മാന്ദ്യത്തിന് കാരണമാകുന്നു. ഇന്ത്യന്‍ രൂപ എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. നടപ്പുവര്‍ഷത്തെ ജി ഡി പി വളര്‍ച്ച 6.5 ശതമാനമായി ഇടിയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മാത്രമല്ല, റിസര്‍വ് ബേങ്കും അന്താരാഷ്ട്ര നാണയ നിധിയുമടക്കം കഴിഞ്ഞ ദിവസം വ്യക്തമാക്കി.

കേന്ദ്ര ധനമന്ത്രി അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശം മാന്ദ്യം നേരിടുന്നതിനും പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാ നിരക്കിന് അടുത്തെങ്കിലും എത്തുന്നതിനും അടിയന്തര നടപടികള്‍ ഉറപ്പാക്കണമെന്നതാണ്. ഇതിനു പുറമെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രശ്‌നങ്ങളും കേന്ദ്ര ധനകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംസ്ഥാനത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ നടന്ന പ്രീബജറ്റ് ചര്‍ച്ചയില്‍ ഉന്നയിച്ച പ്രത്യേക പാക്കേജ് ആവശ്യം കേന്ദ്രം പരിഗണിക്കാത്തതും ചൂണ്ടിക്കാട്ടി.

വയനാട് മുണ്ടക്കൈ ദുരന്തം അതിതീവ്ര ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ബജറ്റിലൂടെ മതിയായ സഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. 2,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ദുരന്ത ബാധിതര്‍ക്കായി വീടുകളും സ്‌കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും അവശ്യം അടിസ്ഥാന സൗകര്യങ്ങളുമടക്കമുള്ള ടൗണ്‍ഷിപ്പുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇവയുടെ നിര്‍മാണത്തിന് ഈ പാക്കേജ് അവശ്യമാണ്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളത്തിന്റെ പ്രതീക്ഷയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്ക് നിര്‍ണായക സംഭാവന നല്‍കാന്‍ ഉതകുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ സാമ്പത്തിക സഹകരണമാണ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം പദ്ധതിക്ക് ആകെ വേണ്ടിവരുന്ന 8,867 കോടിയില്‍ 5,554 കോടി രൂപയും മുടക്കുന്നത് സംസ്ഥാന സര്‍ക്കാറാണ്.

അടുത്ത സാമ്പത്തിക വര്‍ഷം കേരളത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമാക്കി ഉയര്‍ത്തണം. ഈ വര്‍ധന ഉപാധിരഹിതമാക്കണം. ഊര്‍ജ മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്കായി അനുവദിച്ച അര ശമാനം അധിക വായ്പാനുമതി അടുത്ത സാമ്പത്തിക വര്‍ഷവും തുടരണം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം ഉറപ്പാക്കുന്നതിന് മിക്ക സംസ്ഥാനങ്ങള്‍ക്കും കടമെടുക്കേണ്ട സ്ഥിതിയാണുള്ളത്. ഇങ്ങനെ സംസ്ഥാനങ്ങള്‍ എടുക്കുന്ന വായ്പയെ കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണം.

പ്രവാസ കേരളീയരുടെയും മടങ്ങിയെത്തുന്ന പ്രവാസികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേരള നോണ്‍-റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിനായി 300 കോടി രൂപ കേന്ദ്ര ബജറ്റില്‍ വകയിരുത്തണം. മുതിര്‍ന്ന ജനവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് കേരളം തയ്യാറാക്കിയിട്ടുള്ള പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ 3,940 കോടി രൂപ ലഭ്യമാക്കണം.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിനായി മുന്നോട്ടുവെക്കുന്ന പദ്ധതിക്ക് 4,500 കോടി രൂപ ഇത്തവണ കേന്ദ്ര ബജറ്റില്‍ കേരളത്തിനായി നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ തീരദേശ ശോഷണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 11,650 കോടി രൂപയുടെ സമഗ്ര പദ്ധതി ആവശ്യമാണ്. ഇതിലേക്ക് അടുത്ത സാമ്പത്തിക വര്‍ഷം കേന്ദ്ര ബജറ്റില്‍ 2,329 കോടി രൂപ വകയിരുത്തണമെന്നും ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിത വീട് ഉറപ്പാക്കുന്ന പുനര്‍ഗേഹം പുനരധിവാസ പദ്ധതിക്കായി 186 കോടി രൂപ കൂടി ആവശ്യമാണ്. മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണത്തിന് 500 കോടി ലഭ്യമാക്കണം. തിരുവനന്തപുരം ആര്‍ സി സിയുടെ വികസനത്തിന് 1,293 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ഉറപ്പാക്കണം. മനുഷ്യ-മൃഗ സംഘര്‍ഷം അതീവ ഗുരുതര പ്രശ്‌നമായി മാറുന്ന സാഹചര്യത്തില്‍ പരിഹാര പദ്ധതികള്‍ക്കായി 1,000 കോടി രൂപ പ്രതീക്ഷിക്കുന്നു.

റബ്ബറിന് താങ്ങുവില ഉറപ്പാക്കാന്‍ 1,000 കോടി രൂപയുടെ വില സ്ഥിരതാ ഫണ്ട് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട സപ്ലൈകോ ബാധ്യത തീര്‍ക്കാനും സംഭരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും 2,000 കോടി രൂപ അനുവദിക്കണം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ കേന്ദ്ര വിഹിതം 60 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉയര്‍ത്തണം.

നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതി, റാപിഡ് ട്രാന്‍സിറ്റ് പദ്ധതികള്‍, അങ്കമാലി-ശബരി, നിലമ്പൂര്‍-നഞ്ചന്‍കോട്, തലശ്ശേരി-മൈസൂരു റെയില്‍പാതകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ ഉണ്ടാകണം. കശുവണ്ടി, കയര്‍, കൈത്തറി ഉള്‍പ്പെടെ പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം, ആശ, അങ്കണവാടി ഉള്‍പ്പെടെ സ്‌കീം തൊഴിലാളികളുടെ ഹോണറേറിയം, സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ കേന്ദ്ര വിഹിതം, സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്, തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി, പാവപ്പെട്ടവര്‍ക്കുള്ള ഭവന പദ്ധതികളുടെ കേന്ദ്ര വിഹിതം തുടങ്ങിയവ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എയിംസ് അടക്കമുള്ള മറ്റ് ആവശ്യങ്ങള്‍ ഇത്തവണയെങ്കിലും പരിഗണിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഓരോ വിഷയത്തിലും കേരളത്തിന്റെ അവകാശം കൃത്യമായി തന്നെ കേന്ദ്ര സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ചില വിഷയങ്ങള്‍ നമ്മള്‍ കാലങ്ങളായി ഉന്നയിക്കുന്നവയാണ്. ഒപ്പം അടിയന്തര പ്രാധാന്യത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങളുമുണ്ട്. അവയില്‍ കാര്യമായ പരിഗണന നല്‍കാന്‍ കേന്ദ്ര ധനമന്ത്രി തയ്യാറാകുമെന്നാണ് പ്രതീക്ഷ.

 

Latest