Connect with us

Kerala

ബഫര്‍ സോണ്‍: പുതിയ ഭൂപടത്തിനെതിരെ വിമര്‍ശനം, സര്‍ക്കാരിന് മുന്നില്‍ പരാതി പ്രളയം

ജനങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍.

Published

|

Last Updated

കല്‍പ്പറ്റ | ബഫര്‍ സോണ്‍ പുതിയ ഭൂപടം നടപടികള്‍ വീണ്ടും വൈകിപ്പിക്കുമെന്ന് വിമര്‍ശനമുയരുന്നു. ജനങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍ പറഞ്ഞു. പുതിയ ഭൂപടത്തിലും ഭൂരിപക്ഷം ജനവാസ കേന്ദ്രങ്ങളും ബഫര്‍ സോണില്‍ ഉള്‍പ്പെടുന്നുണ്ട്.

ഏത് ഭൂപടമാണ് അടിസ്ഥാനമാക്കേണ്ടതെന്ന് വ്യക്തമാകുന്നില്ലെന്നും ഷംഷാദ് മരക്കാര്‍ പറഞ്ഞു. ബത്തേരി നഗരം പൂര്‍ണമായും നഗരസഭയുടെ 80 ശതമാനവും ബഫര്‍ സോണില്‍ ഉള്‍പ്പെടും. തിരുനെല്ലി, നെന്മേനി, നൂല്‍പ്പുഴ എന്നിവിടങ്ങളില്‍ ഭൂരിഭാഗം പ്രദേശങ്ങളും ഭീഷണിയിലാണ്. ഭരണ സമിതികളും ഗ്രാമസഭകളും ചേര്‍ന്നാണ് നേരത്തെ ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. വീണ്ടും ആക്ഷേപങ്ങളുന്നയിക്കാന്‍ എല്ലാം ആവര്‍ത്തിക്കേണ്ടി വരുമെന്നും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

അതിനിടെ, ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി പ്രളയം. 12000 ത്തിലേറെ പരാതികളാണ് സര്‍ക്കാരിന് ഇതുവരെ ലഭിച്ചത്. സ്വന്തം വീടുകളും കെട്ടിടങ്ങളും പരിധിയില്‍ പെട്ടതിന്റെ ഫോട്ടോകളും പരാതിയിലുണ്ട്. പരാതികളില്‍ തീര്‍പ്പുണ്ടാക്കല്‍ സര്‍ക്കാരിന് വെല്ലുവിളിയാണ്. ജനുവരി 11നാണ് സുപ്രീം കോടതി കേസ് പരിഗണിക്കുന്നത്. അതിനു മുമ്പ് ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ടുകള്‍ പുതുക്കി നല്‍കേണ്ടതുണ്ട്.