Connect with us

buffer zone

ബഫര്‍ സോണ്‍: വനം മന്ത്രി കാഞ്ഞിരപ്പള്ളി ബിഷപ്പിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാറിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു ബിഷപ്പ്.

Published

|

Last Updated

കോട്ടയം | ബഫര്‍ സോണ്‍ വിഷയത്തില്‍ കത്തോലിക്ക സഭയുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കലിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാട് സംബന്ധിച്ച് മന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാറിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു ബിഷപ്പ്.

ഇതുവരെയുള്ള നടപടികള്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് ബിഷപ്പ് മന്ത്രിയോട് പറഞ്ഞു. വാഗ്ദാനങ്ങളിലല്ല കാര്യമെന്നും നടപടികളാണ് വേണ്ടതെന്നുമുള്ള നിലപാടാണ് ബിഷപ്പ് സ്വീകരിച്ചത്. സർക്കാറിൽ വിശ്വാസമുണ്ടെന്നും എന്നാൽ, പ്രശ്നം തീരുംവരെ സമരം തുടരുമെന്നും ചർച്ചക്ക് ശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് പ്രതികരിച്ചു.

ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്തുമെന്നാണ് വിശ്വാസമെന്നും ആ വിശ്വാസം വോട്ടുകളായി തന്നെ പ്രതിഫലിക്കുമെന്നും കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞിരുന്നു. കര്‍ഷകരെ പരിഗണിക്കാതെ ഇനി ഭരണത്തില്‍ കയറാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ല. അങ്ങനെ വിചാരിച്ചാല്‍ അത് വ്യാമോഹമാണെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞിരുന്നു.

Latest