Connect with us

Kerala

ബഫര്‍സോണ്‍: ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ സമീപകാല വിധി വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന് ചുറ്റും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് രാഹുല്‍ കത്തില്‍ വ്യക്തമാക്കി

Published

|

Last Updated

കല്‍പ്പറ്റ | ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമായി ഒരു കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആകുന്നത് പ്രതികൂലമായി ബാധിക്കുമെന്ന വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എം പി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ സമീപകാല വിധി വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന് ചുറ്റും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് രാഹുല്‍ കത്തില്‍ വ്യക്തമാക്കി. കൊവിഡ് മഹാമാരിയുടെ ആഘാതത്തില്‍നിന്ന് ഇപ്പോഴും കരകയറിയിട്ടില്ലാത്ത ജനങ്ങളുടെ ജീവിതത്തിലും ഉപജീവനമാര്‍ഗത്തിലും ഈ വിധി പ്രത്യാഘാതങ്ങളുണ്ടാക്കും.

കാര്‍ഷിക സംവിധാനങ്ങളുടെ മാറ്റം, കുന്നിന്‍ ചരിവുകളുടെ സംരക്ഷണം, ഇലക്ട്രിക്കല്‍ കേബിളുകള്‍ സ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളും ഇക്കോ സെന്‍സിറ്റീവ് സോണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നിയന്ത്രിക്കുന്നതായി രാഹുല്‍ ചൂണ്ടിക്കാട്ടി. സോണിനുള്ളില്‍ ഒരു സ്ഥിരമായ ഘടനയും ഒരു കാരണവശാലും വരാന്‍ അനുവദിക്കില്ലെന്നും വിധിയില്‍ പറയുന്നു. പശ്ചിമഘട്ടത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായതിനാല്‍, അത്തരം നിയന്ത്രണങ്ങള്‍ പ്രാദേശിക സമൂഹങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കഴിവിനെ തടസ്സപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു.

സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍, ദൂരപരിധി പുനഃപരിശോധിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെയും എംപവേര്‍ഡ് കമ്മിറ്റിയെയും എത്രയും പെട്ടെന്ന് സമീപിക്കാന്‍ നേരത്തെ കേരളാ മുഖ്യമന്ത്രിക്കും രാഹുല്‍ ഗാന്ധി കത്തെഴുതിയിരുന്നു.

ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഇന്ന് കല്‍പ്പറ്റയിലെ രാഹുലിന്റെ എം പി ഓഫീസിന് നേരെ ആക്രമണം നടത്തിയിരുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തതെന്നും അതില്‍ കാര്യമില്ലെന്നും കേന്ദ്രത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുകയാണ് വേണ്ടതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ടത്.

 

---- facebook comment plugin here -----

Latest