National
ബഫര്‍ സോണ്‍: സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ലെന്ന് സുപ്രീം കോടതി
മനുഷ്യരെ ഇറക്കിവിട്ട് പരിസ്ഥിതി സംരക്ഷിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തോട് കോടതി യോജിച്ചു.
ന്യൂഡല്‍ഹി | ബഫര്‍ സോണില്‍ സമ്പൂര്‍ണ വിലക്ക് സാധ്യമല്ലെന്ന് സുപ്രീം കോടതി. മനുഷ്യരെ ഇറക്കിവിട്ട് പരിസ്ഥിതി സംരക്ഷിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തോട് കോടതി യോജിച്ചു. സാധാരണ ജനങ്ങളുടെ ജീവനോപാധികളെയും ദൈനംദിന ജീവിതത്തെയും ബാധിക്കുമെന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി തേടി കേന്ദ്ര സര്‍ക്കാരും ഇളവ് തേടി കേരളവും നല്‍കിയ അപേക്ഷകള്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം. ബഫര്‍ സോണിലെ മുന്‍ വിധി പരിഷ്‌ക്കരിക്കുമെന്ന സൂചനയാണ് ഇതിലൂടെ സുപ്രീം കോടതി നല്‍കിയത്. ഹരജിയില്‍ കേരളത്തിന്റെ വാദം നാളെ നടക്കും.
മനുഷ്യന്‍ കൂടി ചേരുമ്പോഴാണ് പരിസ്ഥിതി സംരക്ഷണം പൂര്‍ത്തിയാകുന്നതെന്ന് ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ‘ദ എലഫന്റ് വിസ്‌പേഴ്‌സ്’ന്റെ കഥ ഉദ്ധരിച്ച് എ എസ് ജി. ഐശ്വര്യഭട്ടി വാദിച്ചു. രാജ്യത്തെ ഒരോ വന്യജീവി സങ്കേതത്തിന്റെയും സ്ഥിതി വ്യത്യസ്തമാണെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. ഓരോ പ്രദേശം തിരിച്ചാണ് സംരക്ഷണ നടപടികള്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. സുപ്രീം കോടതിയുടെ ബഫര്‍സോണ്‍ വിധി ഈ നടപടികളെ തകിടം മറിച്ചു. കേരളത്തിലുള്‍പ്പെടെ വിധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. മുതുമല ദേശീയോദ്യാനത്തിനകത്തുള്ള തെപ്പക്കാട് ആന പുനരധിവാസ കേന്ദ്രത്തിലെ രഘുവെന്ന കുട്ടിയാനയുടെ സംരക്ഷണ ചുമതലയേറ്റ ബൊമ്മനെയും ബെല്ലിയെയും പോലുള്ളവരാണ് വനസംരക്ഷണത്തിന്റെ മികച്ച ഉദാഹരണങ്ങളെന്ന് ഐശ്വര്യ ഭട്ടി ചൂണ്ടിക്കാട്ടി. കോടതിയും ഇതിനോട് യോജിച്ചു.