Connect with us

Uae

അൽ നഹ്ദയിൽ കെട്ടിടത്തിൽ തീപ്പിടിത്തം; അഞ്ച് മരണം, നിരവധി പേർക്ക് പരുക്ക്

42 റെസിഡൻഷ്യൽ നിലകളും ഒമ്പത് നില പാർക്കിംഗും ഉൾക്കൊള്ളുന്ന 51 നില കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

Published

|

Last Updated

ഷാർജ| അൽ നഹ്ദയിൽ താമസ കെട്ടിടത്തിൽ തീപ്പിടിത്തത്തെത്തുടർന്നു അഞ്ച് പേർ മരിച്ചതായി ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. തീയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് മരിച്ച നാല് ആഫ്രിക്കൻ വംശജരും സംഭവത്തിന്റെ ആഘാതത്തിൽ ഹൃദയാഘാതമുണ്ടായ പാകിസ്ഥാനിയുമാണ് മരണപ്പെട്ടത്. അടിയന്തര സംഘങ്ങളുടെ വേഗത്തിലുള്ള പ്രതികരണം ഉണ്ടായിരുന്നിട്ടും അറ്റകുറ്റപ്പണികൾക്കായി സ്ഥാപിച്ച കയറുകളും സ്കാഫോൾഡിംഗും ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നാല് പേർ വീണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
രാവിലെ 11.31ന് അടിയന്തര കോൾ ലഭിച്ചതായും ഉടൻ തന്നെ പ്രതികരിച്ചതായും ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. സമീപ സ്റ്റേഷനുകളിൽ നിന്ന് അഗ്നിശമന യൂണിറ്റുകൾ അയച്ചു. സ്ഥലത്തെത്തിയ ഉടൻ അടിയന്തര പ്രോട്ടോക്കോളുകൾ സജീവമാക്കി. ടവറിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് അഗ്‌നി പടർന്നത്.
42 റെസിഡൻഷ്യൽ നിലകളും ഒമ്പത് നില പാർക്കിംഗും ഉൾക്കൊള്ളുന്ന 51 നില കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. 148 താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.
ഗോഡൗണിലും തീപ്പിടിത്തം
ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 15ലെ പഴം, പച്ചക്കറി ഗോഡൗണിലും ഇന്നലെ തീപ്പിടിത്തം ഉണ്ടായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ റിപ്പോർട്ടനുസരിച്ച്, ഞായറാഴ്ച ഉച്ചക്ക് 1.27 ന് ഓപറേഷൻസ് റൂമിനാണ് തീപ്പിടിത്തം സംബന്ധമായി റിപ്പോർട്ട് ലഭിച്ചത്. പഴങ്ങളും പച്ചക്കറികളും തണുപ്പിക്കാൻ ഉപയോഗിക്കുന്ന റഫ്രിജറേറ്ററുകൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് തീപ്പിടുത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി ഉയർന്ന പ്രൊഫഷണലിസത്തോടെ മിനിറ്റുകൾക്കുള്ളിൽ തീ പൂർണമായി നിയന്ത്രണവിധേയമാക്കി.

Latest