Connect with us

From the print

ഡല്‍ഹിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; പൊളിച്ചുമാറ്റിയത് 250 വീടുകള്‍

ഒറ്റരാത്രികൊണ്ട് പോലീസിനെ വിന്യസിക്കുകയും പ്രദേശം ബാരിക്കേഡുകള്‍ ഉപയോഗിച്ച് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്താണ് നടപടി തുടങ്ങിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | അനധികൃത കൈയേറ്റം ആരോപിച്ച് ഡല്‍ഹിയില്‍ വീണ്ടും കുടിയൊഴിപ്പിക്കല്‍. ഡല്‍ഹി സിവില്‍ ലൈനിന് സമീപമുള്ള ഖൈബര്‍ പാസ്സില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് ആരോപിച്ച് 250 വീടുകള്‍ ഡല്‍ഹി ഡെവലപ്മെന്റ്അതോറിറ്റി (ഡി ഡി എ) പൊളിച്ചുനീക്കി. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. കനത്ത പോലീസ് സന്നാഹത്തോടെയാണ് ഡി ഡി എ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഒറ്റരാത്രികൊണ്ട് പോലീസിനെ വിന്യസിക്കുകയും പ്രദേശം ബാരിക്കേഡുകള്‍ ഉപയോഗിച്ച് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്താണ് നടപടി തുടങ്ങിയത്.

തലമുറകളായി ഇവിടെ താമസിച്ചിരുന്നവരെയാണ് അനധികൃത കുടിയേറ്റമെന്നാരോപിച്ച് ഒഴിപ്പിക്കുന്നത്. ഡല്‍ഹി ലഫ്റ്റനന്റ്ഗവര്‍ണര്‍ ഉള്‍പ്പെടെ അധികൃതരുടെ അറിവോടെയാണ് ക്രൂര നടപടിയെന്ന് ഖൈബര്‍ പാസ്സ് നിവാസികള്‍ ആരോപിച്ചു. മോദി സര്‍ക്കാറിന്റെ നിര്‍ദേശത്തോടെയാണ് നടപടിയെന്നും പ്രദേശവാസികള്‍ പറയുന്നു. ഇവിടെ താമസിക്കുന്ന തന്റെ കുടുംബത്തിലെ അഞ്ചാമത്തെ തലമുറയാണിതെന്ന് ഡി ഡി എ അതിക്രമത്തിന് ഇരയായ 26കാരന്‍ ഇംറാന്‍ ഖാന്‍ പറഞ്ഞു. തങ്ങളുടേത് ആറ് പേരടങ്ങുന്ന കുടുംബമാണ്. എല്ലാ രേഖകളും ശരിയാക്കിയാണ് വീട് നിര്‍മിച്ചത്. പക്ഷേ, അവര്‍ അത് പൊളിച്ചു.

പൊളിക്കലൊന്നുമുണ്ടാകില്ലെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും സഹായിക്കാന്‍ എത്തിയില്ലെന്നും സ്വകാര്യ ബേങ്കിലെ റിലേഷന്‍ഷിപ്പ് മാനേജര്‍ കൂടിയായ ഇംറാന്‍ ഖാന്‍ പറഞ്ഞു. 32ഓളം ഏക്കര്‍ ഭൂമിയിലെ 15 ഏക്കറോളം കെട്ടിടങ്ങള്‍ പൊളിച്ചതായും ശേഷിക്കുന്നവ നീക്കം ചെയ്യുന്ന നടപടികള്‍ തുടരുമെന്നും ഡി ഡി എ അധികൃതര്‍ പറഞ്ഞു. പൊളിക്കല്‍ നടപടിക്കെതിരെ നല്‍കിയ ഹരജി ഈ മാസം ഒമ്പതിന് ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ജൂലൈ നാലിനകം താമസക്കാര്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഒന്നിന് ഡി ഡി എ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിനെതിരെയുള്ള ഹരജിയാണ് അന്തിമ വാദം കേട്ട് ഡല്‍ഹി ഹൈക്കോടതി തള്ളിയത്.

ഹരജിക്കാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഡി ഡി എ നടപടി തുടരാന്‍ അനുവദിച്ചത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ളതാണ് ഭൂമിയെന്നാണ് ഡി ഡി എ വാദം. നിലവില്‍ ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുകയാണെന്നും ഡി ഡി എ അധികൃതര്‍ പറയുന്നു.

 

Latest