Connect with us

National

ഹരിയാനയിൽ ബുൾഡോസർ രാജ് തുടരുന്നു; ഇരുപതോളം മെഡിക്കൽ സ്റ്റോറുകൾ തകർത്തു

മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ബുൾഡോസർ രാജ് അരങ്ങേറുന്നത്.

Published

|

Last Updated

ന്യൂഡൽഹി | അനധികൃത നിർമ്മാണം ആരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സർക്കാർ നടത്തുന്ന ബുൾഡോസർ രാജ് മൂന്നാം ദിവസവും തുടരുന്നു. ഇന്ന് പുലർച്ചെ ഇരുപതോളം മെഡിക്കൽ സ്റ്റോറുകളും മറ്റ് കടകളും പൊളിച്ചു. വർഗീയ സംഘർഷം അരങ്ങേറിയ നുഹിൽ നിന്ന് 20 കിലോമീറ്റർ അകലെ തവാഡുവിൽ സർക്കാർ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് കുടിയേറ്റക്കാരുടെ കുടിലുകൾ വ്യാഴാഴ്ച തകർത്തതിന് പിന്നാലെയാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് ബുൾഡോസർ രാജ് വ്യാപിപ്പിച്ചിരിക്കുന്നത്. മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ബുൾഡോസർ രാജ് അരങ്ങേറുന്നത്.

നുഹിലെ നൽഹാറിലെ ഷഹീദ് ഹസൻ ഖാൻ മേവാതി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ, കനത്ത പോലീസ് വിന്യാസത്തിനിടയിലാണ് പൊളിക്കൽ നടപടി അരങ്ങേറിയത്. ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് ഡസനോളം കടകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഇതിൽ ഭൂരിഭാഗവും ഫാർമസികളാണ്. വർഷങ്ങളായി ഇവിടെ പ്രവർത്തിച്ചുവരുന്നവയാണ് ഈ കടകൾ.

വിവിധ പ്രദേശങ്ങളിലായി ഇതുവരെ 50 മുതൽ 60 വരെ നിർമാണങ്ങൾ പൊളിച്ചു. അറസ്റ്റ് ഭയന്ന് പലരും പലായനം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രാദേശിക എംഎൽഎയും കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി ഉപനേതാവുമായ അഫ്താബ് അഹമ്മദ് ഈ നടപടിക്ക് എതിരെ രംഗത്ത് വന്നു. നൂഹിൽ പാവപ്പെട്ടവരുടെ വീടുകൾ മാത്രമല്ല, സാധാരണക്കാരുടെ വിശ്വാസവും കൂടിയാണ് തകർക്കപ്പെടുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഭരണപരാജയം മറച്ചുവെക്കാനാണ് സർക്കാർ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയെ തുടർന്നുണ്ടായ സംഘർഷങ്ങളെ തുടർന്ന് നുഹിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഗുരുഗ്രാമിലേക്കും അക്രമം വ്യാപിച്ചിരുന്നു. ഈ വർഗീയ സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു മതനേതാവും അടക്കം ആറ് പേർ മരിച്ചു.

Latest