Connect with us

bulldozer Raj

യു പിയില്‍ രണ്ടാം ദിവസവും ബുള്‍ഡോസര്‍ രാജ്; പ്രയാഗ് രാജില്‍ കേസില്‍ പെട്ടവരുടെ വീടുകള്‍ പൊളിച്ചു

ജാവേദ് മുഹമ്മദ് എന്ന രാഷ്ട്രീയക്കാരന്റെ വീടിന്റെ ഗേറ്റുകളും പുറംമതിലും തകര്‍ത്തു.

Published

|

Last Updated

ലക്‌നോ | ശഹരണ്‍പൂരിലെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയതിനെ തുടര്‍ന്ന് കേസിൽ പെട്ടവരുടെ വീടുകള്‍ രണ്ടാം ദിവസവും പൊളിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഇന്ന് പ്രയാഗ് രാജിലെ രാഷ്ട്രീയ നേതാവിന്റെ വീടാണ് പൊളിച്ചത്. ജാവേദ് മുഹമ്മദ് എന്ന രാഷ്ട്രീയക്കാരന്റെ വീടിന്റെ ഗേറ്റുകളും പുറംമതിലും തകര്‍ത്തു.

വന്‍ പോലീസ് കാവലിലായിരുന്നു ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള പൊളിക്കല്‍. വെള്ളിയാഴ്ചയിലെ പ്രതിഷേധത്തിന്റെ സൂത്രധാരന്‍ ജാവേദ് ആണെന്ന് ആരോപിച്ചാണ് വീടുപൊളിക്കല്‍. പ്രയാഗ് രാജില്‍ രണ്ടിടങ്ങളില്‍ കല്ലേറുണ്ടായിരുന്നു.

അനധികൃത കെട്ടിടം എന്നാരോപിച്ചാണ് മുനിസിപ്പല്‍- പോലീസ് സംഘങ്ങള്‍ എത്തിയുള്ള ഈ പൊളിക്കല്‍. മുനിസിപ്പല്‍- പോലീസ് സംഘങ്ങള്‍ വീടിനുള്ളില്‍ കയറി സാധനങ്ങളെല്ലാം വലിച്ചുവാരി പുറത്തേക്കിട്ടു. ഫര്‍ണിച്ചറുകളും മറ്റും ഇവര്‍ റോഡിലാണ് കൊണ്ടിട്ടത്. ശഹരണ്‍പൂരിലും കാണ്‍പൂരിലുമെല്ലാം ഇത്തരത്തില്‍ അറസ്റ്റിലായവരുടെ വീടുകള്‍ പൊളിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 300ലേറെ പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബി ജെ പി നേതാക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശങ്ങളിൽ പ്രതിഷേധിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. തുടര്‍ന്ന് പ്രതിഷേധ റാലിക്ക് നേരെ കല്ലേറുണ്ടാകുകയും സംഘര്‍ഷത്തിലേക്ക് വഴിമാറുകയുമായിരുന്നു.

Latest