Articles
സ്വാഭാവിക നീതി ഉയർത്തിപ്പിടിച്ച ബുൾഡോസർ രാജ് വിധികൾ
എങ്ങനെയാണ് ജനങ്ങളുടെ വസതികൾ ഇത്രയും ലാഘവത്തോടെ, നിയമവിരുദ്ധമായി പൊളിക്കാൻ സാധിക്കുന്നതെന്നായിരുന്നു യു പി സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി ആവർത്തിച്ചു ചോദിച്ചത്. കാരണം, അഡ്മിനിസ്‌ട്രേഷൻ ലോ പ്രകാരം "റൂൾ ഓഫ് ലോ' അനുസരിക്കലും അതിനു വിധേയപ്പെടലും ഭരണനിർവഹണ വിഭാഗത്തിന് നിർബന്ധമാണ്. ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെല്ലാം നിയമത്തിനും നീതിക്കും അനുസരിച്ചാകണമെന്നതാണ് "റൂൾ ഓഫ് ലോ' തത്ത്വം.
റോഡുകളുടെ വീതി അധികരിപ്പിക്കുമ്പോഴും സർക്കാർ ഭൂമിയിലുള്ള കൈയേറ്റങ്ങൾ നീക്കം ചെയ്യുമ്പോഴും പാലിക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ശക്തമായ മാർഗനിർദേശം നൽകിയിരിക്കുകയാണ് സുപ്രീം കോടതി. 2019ൽ മഹാരാജാ ഗഞ്ചിൽ യു പി സർക്കാർ നടത്തിയ നിയമവിരുദ്ധ പൊളിച്ചുമാറ്റലുകളെ ശക്തമായ ഭാഷയിൽ ചോദ്യംചെയ്യുകയുമുണ്ടായി പരമോന്നത കോടതി. പ്രസ്തുത പൊളിച്ചുമാറ്റലിൽ വീട് നഷ്ടപ്പെട്ട വ്യക്തിയുടെ ഹരജി പരിഗണിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് പർദിവാല എന്നിവരടങ്ങുന്ന ബഞ്ചായിരുന്നു യു പി സർക്കാറിന്റെ നടപടി പൂർണമായും നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചത്. ഹരജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകരായ സിദ്ധാർഥ് ഭട്ട്‌നാഗറും ശുഭം കുൽശ്രേഷ്ത്തയുമാണ് ഹാജരായത്.
ഇരകൾ
ഒഴിഞ്ഞുപോകാൻ കാരണം കാണിച്ചുകൊണ്ടുള്ള നോട്ടീസ് അയക്കാതെയും വീട്ടുപകരണങ്ങൾ പോലും മാറ്റാൻ സമയം നൽകാതെയും ഹരജിക്കാരന്റെ വീട് രാത്രിക്കു ചെന്ന് ഇടിച്ചുനിരത്താനുള്ള അധികാരം യു പി സർക്കാറിനില്ലെന്ന് കോടതി അസന്ദിഗ്ധം പ്രഖ്യാപിച്ചു. ആരാണ് ഇതിന് അനുവാദം നൽകിയതെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകനോട് ആരായുകയും ചെയ്തു. യാഥാർഥത്തിൽ മഹാരാജാ ഗഞ്ചിൽ തീരുന്നതല്ല യു പി സർക്കാറിന്റെ ബുൾഡോസർ രാജ്. പ്രയാഗ്്രാജ്, സഹാറൻപൂർ എന്ന് തുടങ്ങി ഉത്തർ പ്രദേശിന്റെ പലയിടങ്ങളിലെ മനുഷ്യരുടെ അവകാശങ്ങൾക്കും സ്ഥാവരജംഗമ വസ്തുക്കൾക്കും മേൽ ഈ അഴിഞ്ഞാട്ടം നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മുസ്‌ലിംകളും ദളിതരുമാണ് സ്ഥിരം ഇരകൾ.
രാജ്യത്തിന്റെ പലയിടങ്ങളിലായി നടന്ന ഇത്തരം പൊളിച്ചുമാറ്റലുകളിലൂടെ കഴിഞ്ഞ വർഷംമാത്രം ഒന്നര ലക്ഷത്തിലേറെ വീടുകൾ തകർക്കപ്പെട്ടിട്ടുണ്ടെന്നും ഏഴര ലക്ഷത്തിലേറെ ആളുകൾക്ക് പെരുവഴിയിലേക്കിറങ്ങേണ്ടി വന്നിട്ടുണ്ടെന്നുമാണ് ഫ്രണ്ട്‌ലൈൻ മാഗസിൻ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇതിൽ എത്രപേരുടെ പരാതികൾ കോടതികളിലെത്തിയെന്ന കണക്ക് ലഭ്യമല്ല. എത്ര പേരുടെ കാര്യത്തിൽ, വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റുമ്പോൾ ഉത്തരവാദിത്വപ്പെട്ട ഭരണനിർവഹണാധികാരികൾ കൃത്യമായ കാരണം കാണിച്ചുവെന്ന് അറിയാനും മാർഗമില്ല. നിയമപരമായ നടപടിക്രമങ്ങൾ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നതിന്റെ വലിയൊരു ഉദാഹരണമാണ് ഈ കേസിന്റെ സാഹചര്യങ്ങൾ.
കേൾക്കണം
കൈയേറ്റം സ്ഥിരപ്പെട്ടാൽ ആദ്യം നോട്ടീസ് അയക്കേണ്ടതുണ്ടെന്നും സ്വാഭാവിക നീതി (നാച്ചുറൽ ജസ്റ്റിസ്) തത്ത്വങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടുവേണം നിയമനടപടികൾ സ്വീകരിക്കാനെന്നും സുപ്രീം കോടതി ഒരു സർക്കാറിനോട് ഉണർത്തേണ്ടിവരുമ്പോൾ അതിനേക്കാൾ വലിയൊരു ഗതികേട് ഇന്ത്യൻ നിയമവ്യവസ്ഥക്ക് വരാനില്ല. നിയമസംവിധാനത്തിന്റെ അടിസ്ഥാനമാണ് നാച്ചുറൽ ജസ്റ്റിസ്. പക്ഷപാതിത്വം പാടില്ല, ഒരാളും കേൾക്കപ്പെടാതെ നടപടിക്ക് വിധേയനാക്കപ്പെടരുത് എന്നിവയാണ് പ്രധാന തത്ത്വങ്ങൾ.
നടപടി നേരിടേണ്ട ഏതൊരു പൗരനും അതിനുമുമ്പ് അയാളുടെ ഭാഗം പറയാനുള്ള മാന്യമായ അവസരത്തിനുള്ള അവകാശമുണ്ടെന്ന് ബാൽകോ എംപ്ലോയീസ്/ യൂനിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ സുപ്രീം കോടതി തന്നെ നിരീക്ഷിച്ചതായി കാണാം. പ്രസ്തുത കേസിൽ നോട്ടീസ്, ഹിയറിംഗ് എന്നീ രണ്ട് കാര്യങ്ങളെയാണ് ന്യായമായ നടപടിക്രമത്തിന്റെ അടിസ്ഥാന ഘടകങ്ങളായി കോടതി പരിചയപ്പെടുത്തുന്നത്. ഈ രണ്ട് കാര്യങ്ങളും 2019ൽ നടന്ന പൊളിച്ചുമാറ്റലുകളിൽ ഉണ്ടായിട്ടില്ലെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തൽ.
സമാനമായ സാഹചര്യത്തിൽ 120 ഓളം വീടുകൾ വേറെയും പൊളിക്കപ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതോടെ നടപടികൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുടെയെല്ലാം പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ യു പി ചീഫ് സെക്രട്ടറിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എങ്ങനെയാണ് ജനങ്ങളുടെ വസതികൾ ഇത്രയും ലാഘവത്തോടെ, നിയമവിരുദ്ധമായി പൊളിക്കാൻ സാധിക്കുന്നതെന്നായിരുന്നു യു പി സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി ആവർത്തിച്ചു ചോദിച്ചത്. കാരണം, അഡ്മിനിസ്‌ട്രേഷൻ ലോ പ്രകാരം “റൂൾ ഓഫ് ലോ’ അനുസരിക്കലും അതിനു വിധേയപ്പെടലും ഭരണനിർവഹണ വിഭാഗത്തിന് നിർബന്ധമാണ്. ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെല്ലാം നിയമത്തിനും നീതിക്കും അനുസരിച്ചാകണമെന്നതാണ് “റൂൾ ഓഫ് ലോ’ തത്ത്വം.
ആശ്വാസം
ഈ തത്ത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് കേശവാനന്ദ ഭാരതി കേസിലും റൂൾ ഓഫ് ലോയുടെ കൃത്യമായ നിർവഹണത്തിന് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ജീവനക്കാർക്ക് ചുമതലയുണ്ടെന്ന് സ്റ്റേറ്റ് ഓഫ് പഞ്ചാബ്/ ജി എസ് ഗിൽ കേസിലും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഈ നിയമ ചട്ടങ്ങളെയെല്ലാം പൂർണമായി അവഗണിച്ചുകൊണ്ടുള്ള പൊളിച്ചുമാറ്റലുകൾ മാനുഷിക അവകാശങ്ങളെയെല്ലാം തകർക്കുന്നതും തികച്ചും നിയമവിരുദ്ധവുമാണെന്ന് കണ്ടെത്തിയ കോടതി 25 ലക്ഷം രൂപ നഷ്ടപരിഹാരമായി പരാതിക്കാരന് നൽകാൻ യു പി സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
റോഡ് വീതി അധികരിപ്പിക്കുമ്പോഴും പൊതുഭൂമിയിലുള്ള കൈയേറ്റങ്ങൾ നീക്കം ചെയ്യുമ്പോഴും ഓരോ സംസ്ഥാനവും കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും കോടതി വിശദീകരിച്ചിട്ടുണ്ട്. നടപടിക്രമങ്ങളെക്കുറിച്ച് കോടതി പുറപ്പെടുവിച്ച നിർദേശങ്ങളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഉത്തരവിന്റെ പകർപ്പ് എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് വിതരണം ചെയ്യാൻ രജിസ്ട്രാറോട് കോടതി നിർദേശിച്ചതും ജനാധിപത്യ വിശ്വാസികൾക്ക് നൽകുന്ന ആശ്വാസവും പ്രതീക്ഷയും ചെറുതല്ല.
ഭരണകൂടങ്ങൾ മനുഷ്യന്റെ അവകാശങ്ങളിലേക്ക് കടന്നുകയറുമ്പോൾ പരമോന്നത കോടതിയും മറ്റ് കോടതികളും നടത്തുന്ന ഇടപെടലുകൾ പൗരൻമാർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
അത് രാജ്യത്തെ ശിഥിലീകരണങ്ങളില്ലാതെ കാത്തുസൂക്ഷിക്കുന്നു. തന്നെക്കൂടി ഉൾക്കൊള്ളുന്നതാണ് ഈ നിയമവ്യവസ്ഥയെന്ന ബോധ്യം ഏതൊരു പൗരനെയും കൂടുതൽ ദേശസ്‌നേഹിയും മെച്ചപ്പെട്ട കർത്തവ്യങ്ങളിലേക്ക് ഉണരുന്നവനുമാക്കി മാറ്റും. അത്തരമൊരു ഇടപെടലാണ് ബുൾഡോസർ രാജിൽ സുപ്രീം കോടതി നടത്തിയിരിക്കുന്നത്.