Connect with us

Kerala

ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ ബുള്‍ഡോസര്‍ ഉരുളുന്നു; മാധ്യമങ്ങള്‍ മയങ്ങുന്നു

അനധികൃത കൈയേറ്റമെന്നും കുറ്റവാളികളുടെ താവളമെന്നും ന്യൂനപക്ഷ കേന്ദ്രങ്ങള്‍ക്ക് ആദ്യം ചാപ്പയടിക്കുന്നു. മാധ്യമങ്ങള്‍ സംഘപരിവാരത്തിന്റെ പ്രചാരകരാവുന്നു. അതോടെ എല്ലാ അതിക്രമങ്ങളും ന്യായീകരിക്കപ്പെടുന്നു.

Published

|

Last Updated

മത ന്യൂനപക്ഷങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ത്തു തരിപ്പണമാക്കി അവരെ അഭയാര്‍ഥികളും പരാശ്രിതരുമാക്കി മാറ്റാനുള്ള സംഘപരിവാര രാഷ്ട്രീയ ലക്ഷ്യം ഭരണകൂട പിന്തുണയോടെ രാജ്യത്ത് അതി തീവ്രമായി നടപ്പാക്കുന്നതിന്റെ ഭീതിതമായ ചിത്രമാണ് ഉത്തര്‍ പ്രദേശില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. ന്യൂനപക്ഷ മതസ്ഥരുടെ പാര്‍പ്പിടങ്ങളും ജീവനോപാധികളും ബുള്‍ഡോസര്‍ കൊണ്ടു നിരത്താന്‍ അവര്‍ അവസരം കാത്തിരിക്കുകയായിരുന്നു. വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച് അതിന്റെ മറവില്‍ നടപ്പാക്കുന്ന ഉന്മൂലനം പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയാണ്. അനീതി വിളിച്ചു പറയേണ്ട മാധ്യമങ്ങള്‍ മയക്കത്തില്‍ അമര്‍ന്നിരിക്കുന്നു.

പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ചതിന്റെ പേരിലാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ മുസ്ലിം വീടുകള്‍ക്കു മേല്‍ ബുള്‍ഡോസര്‍ ഉരുളുന്നത്. മുസ്‌ലിംകള്‍ കഴിയുന്ന ഓരോ ഗല്ലിയും പൊളിച്ചടുക്കി അവര്‍ മറ്റിടങ്ങളിലേക്കു മുന്നേറുകയാണ്. പ്രയാഗ് രാജിലെ പൊളിക്കല്‍ നടപടികള്‍ക്ക് പിന്നാലെ കൂടൂതല്‍ ഇടങ്ങളിലേക്ക് ബുള്‍ഡോസറുകളുമായി യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ സര്‍ക്കാര്‍ നീങ്ങുകയാണ്. ഒമ്പത് ജില്ലകളില്‍ പൊളിക്കല്‍ തുടരുമെന്നാണ് പോലീസ് പറയുന്നത്. അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെന്ന പേരില്‍ മാധ്യമ സമ്മതി നേടിയാണ് ഈ ഉന്മൂലനം. ഒരു നോട്ടീസോ മുന്നറിയിപ്പോ നല്‍കാതെ മുസ്ലിം വീടുകള്‍ പൊളിച്ച് നീക്കുമ്പോള്‍ അരുതെന്ന ഒരു ശബ്ദവും ഉയരുന്നില്ല. മാധ്യമങ്ങള്‍ മൗനം പാലിക്കുന്നു. രാജ്യത്തെ മാധ്യമങ്ങളെയാകെ ആസൂത്രിതമായി മറ്റു വിഷയങ്ങളില്‍ തളിച്ചിട്ടുകൊണ്ടാണ് സംഘ്പരിവാര്‍ ഉന്മൂലനത്തിന്റെ യന്ത്രക്കൈയുമായി നീങ്ങുന്നത്. ഗാസിയാബാദില്‍ ആഗസ്റ്റ് പത്തു വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. റാഞ്ചിയിലും ഹൗറയിലും കര്‍ഫ്യൂ തുടരുകയാണ്.

ജെ സി ബി എന്നതിന്റെ പൂര്‍ണ നാമം ജിഹാദ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നാണ് സംഘപരിവാറുകാര്‍ അഭിമാനപൂര്‍വം വിളിക്കുന്നത്. മുസ്ലിംകളെ കോരിക്കളയാനുള്ള സംഘപരിവാരത്തിന്റെ ആയുധങ്ങളില്‍ ഒന്നായി ഈ യന്ത്രം മാറിയിരിക്കുന്നു. യോഗി ആദിത്യനാഥിനെ അവര്‍ ‘ബുള്‍ഡോസര്‍ ബാബ’ എന്നു വിളിച്ച് ആദരിക്കുന്നു. രാമനവമിയുടേയും ഹനുമാന്‍ ജയന്തിയുടേയും മറവില്‍ വര്‍ഗീയ കലാപം സൃഷ്ടിച്ചു കാര്യം സാധിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നീക്കമുണ്ടായി. കലാപത്തിന്റെ പേരില്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ പേരില്‍ സ്വാഭാവികമായ നിയമ നടപടി സ്വീകരിക്കുന്നതിനു പകരം വീടുകളും കടകളും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തുക എന്നതാണ് ഇപ്പോഴത്തെ രീതി.

ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ അനധികൃത കെട്ടിടങ്ങള്‍ എന്ന് ആരോപിച്ച് നിരവധി താമസ സ്ഥലങ്ങളും കച്ചവട സ്ഥാപനങ്ങളുമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. സുപ്രീം കോടതി പൊളിക്കല്‍ നടപടി സ്റ്റേ ചെയ്തു. കോടതി സ്റ്റേ ചെയ്ത ശേഷവും ഉത്തരവ് കൈയില്‍ കിട്ടിയില്ല എന്നു പറഞ്ഞ് പൊളിക്കലുമായി മുന്നോട്ടുപോയപ്പോഴാണ് സി പി എം നേതാവ് വൃന്ദാ കാരാട്ട് ബുള്‍ഡോസറിനു മുമ്പിലെത്തി തടഞ്ഞത്.

അനധികൃത കൈയേറ്റമെന്നും കുറ്റവാളികളുടെ താവളമെന്നും ന്യൂനപക്ഷ കേന്ദ്രങ്ങള്‍ക്ക് ആദ്യം ചാപ്പയടിക്കുന്നു. മാധ്യമങ്ങള്‍ സംഘപരിവാരത്തിന്റെ പ്രചാരകരാവുന്നു. അതോടെ എല്ലാ അതിക്രമങ്ങളും ന്യായീകരിക്കപ്പെടുന്നു. ഇതാണ് ഇപ്പോള്‍ രാജ്യത്തു നടക്കുന്നത്. ഇന്ത്യന്‍ തെരുവുകളില്‍ ഭീതിജനകമായ ബുള്‍ഡോസര്‍ രാജ് നടക്കുമ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് അതു വാര്‍ത്തയാവുന്നില്ല. കേരളത്തില്‍ ചാനല്‍ നിറയ്ക്കാനുള്ള വിഭവങ്ങള്‍ സംഘ്പരിവാര്‍ തന്നെ നേരത്തെ വിളമ്പിയിരുന്നു.

രാജ്യത്ത് മുസ്ലിം ജീവിതം അഭയാര്‍ഥി സമാനമാക്കുകയാണ് ലക്ഷ്യം. ഒരു വിഭാഗം പുറന്തള്ളപ്പെടേണ്ടവരാണെന്നും ഭൂരിപക്ഷ മതത്തിന്റെ ദയാ വായ്പില്‍ കഴിയേണ്ടവരാണെന്നുമുള്ള പ്രഖ്യാപനമാണ് നടക്കുന്നത്. ആര്‍ എസ് എസിന്റെ താത്വികാചാര്യന്മാര്‍ മുന്നേ പ്രഖ്യാപിച്ച കാര്യങ്ങള്‍ ഭരണത്തിന്റെ തണലില്‍ ഘട്ടംഘട്ടമായി നടപ്പാക്കുകയാണ്. ഫാസിസത്തിന്റെ പ്രയോഗത്തിനെതിരെ ഒരു ചെറുത്തു നില്‍പ്പും അനുവദിക്കില്ലെന്ന പ്രഖ്യാപനം കൂടിയാണ് ഈ ബുള്‍ഡോസറുകള്‍. ബി ജെ പി ഇന്ത്യന്‍ ജനാധിപത്യത്തെ ബുള്‍ഡോസ് ചെയ്യുകയാണ്. പക്ഷെ അതൊന്നും ജനാധിപത്യത്തിന്റെ നാലാം തൂണിനെ പോലും അലട്ടുന്നില്ല.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest