Kerala
ബുൾഡോസറുകൾ അധികാരത്തിന്റെ പുതിയ അടയാളം: തിയഡോഷ്യസ് മെത്രാപ്പൊലിത്ത
ദേശം വെന്തെരിയുമ്പോഴും ഒന്നും മിണ്ടാതിരിക്കുന്ന അധികാരികളുടെ മൗനം ഭയപ്പെടുത്തുന്നു.
തിരുവല്ല| ബുൾഡോസറുകൾ അധികാരത്തിന്റെ പുതിയ അടയാളമായി മാറിയതായി ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത പറഞ്ഞു. തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പൊലിത്ത സ്മാരക ഓഡിറ്റോറിയത്തിൽ ആരംഭിച്ച മലങ്കര മാർത്തോമാ സുറിയാനി സഭ പ്രതിനിധി മണ്ഡലയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ പോലുള്ള ജനാധിപത്യ-മതനിരപേക്ഷ രാജ്യത്ത് ബുൾഡോസറല്ല നീതിയുടെ അടയാളമാകേണ്ടത്. മറിച്ച് സമ ഭാവനയിൽ അധിഷ്ഠിതമായ സഹവർത്തിത്വവും സാഹോദര്യവുമാണ്. ദേശം വെന്തെരിയുമ്പോഴും ഒന്നും മിണ്ടാതിരിക്കുന്ന അധികാരികളുടെ മൗനം ഭയപ്പെടുത്തുന്നു. മൗനം അധികാരത്തിന്റെ കാഹള ധ്വനിയായി മാറുന്നു. പല ആൾക്കൂട്ട ആക്രമണങ്ങളും കൊലകളും മൗനം കൊണ്ട് ഭരണകൂടങ്ങൾ ആളിക്കത്തിച്ചവയാണെന്ന് പറയാതെ വയ്യ.
അധികാരിക്ക് തെറ്റെന്ന് തോന്നുന്ന സകലതിനെയും പിഴുതെറിയാനുള്ള പ്രവണത ഏറിവരുന്നു. ഫാസിസ്റ്റ് പ്രവണത ഭരണകൂടങ്ങളുടെ സവിശേഷതയായി മാറുന്നു. തിരഞ്ഞെടുക്കപ്പെട്ട ഏകാധിപതികളായി ഭരണനേതൃത്വം മാറരുതെന്നും അദ്ദേഹം പറഞ്ഞു.