BULLI BAI
സുള്ളി ഡീല്‍സിന് ശേഷം ബുള്ളി ഭായ്; മുസ്‌ലിം വനിതകളെ അധിക്ഷേപിക്കുന്ന ആപ്പിനെതിരെ പരാതി
ആപ്പിനെതിരെ പരാതിയുമായി ശിവസേന എം പി പ്രിയങ്ക ചതുര്‍വേദിയും പ്രചാരണത്തിന് ഇരയായ മറ്റൊരു മാധ്യമപ്രവര്‍ത്തകയും രംഗത്തെത്തി
ന്യൂഡല്‍ഹി | വിവാദമായ സുള്ളി ഡീല്‍സിന് ശേഷം സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ആപ്പ് ഉപയോഗിച്ച് മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ വ്യാപക അധിക്ഷേപ പ്രചാരണം. ബുള്ളി ഭായ് എന്ന പേരിലുള്ള ആപ്പ് വഴിയാണ് പ്രചരണം നടക്കുന്നത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മുസ്‌ലിം വനിതകളുടെ ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ചാണ് കൂട്ട അധിക്ഷേപ പ്രചാരണം നടക്കുന്നത്.
ആപ്പിനെതിരെ പരാതിയുമായി ശിവസേന എം പി പ്രിയങ്ക ചതുര്‍വേദിയും പ്രചാരണത്തിന് ഇരയായ മറ്റൊരു മാധ്യമപ്രവര്‍ത്തകയും രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് ആവര്‍ത്തിച്ച് ആവശ്യമുയര്‍ത്തിയിട്ടും അവഗണിക്കപ്പെടുകയാണെന്ന് എംപി ട്വീറ്റ് ചെയ്തു.
പരിചയമില്ലാത്ത ചില ആളുകള്‍ ചേര്‍ന്ന് തന്റെ വ്യാജ ഫോട്ടോകള്‍ വെബ്‌പേജില്‍ അപ്ലോഡ് ചെയ്യുന്നുവെന്നും ഒപ്പം മോശം കമന്റുകള്‍ ഇടുന്നുവെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പരാതി. കമന്റുകള്‍ മുസ്ലിം വനിതകളെ അപമാനിക്കാന്‍ ലക്ഷ്യം വെച്ചുള്ളവയാണെന്നും താനുള്‍പ്പെടെ നിരവധി മുസ്ലീം വനിതകളുടെ വിവരങ്ങള്‍ ഈ ആപ്പ് വഴി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ പറയുന്നു.
മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. പ്രിയങ്ക ചതുര്‍വേദിയുടെ പരാതിയില്‍ മുംബൈ പോലീസും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഗീത്ഹബ് എന്ന ഹോസ്റ്റിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് ഇത്തരത്തില്‍ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്.