BULLI BAI
ബുള്ളി ഭായ്; പിന്നില്‍ പ്രവര്‍ത്തിച്ചത് താനെന്ന അവകാശവാദവുമായി നേപ്പാളില്‍ നിന്നുള്ള ട്വിറ്റര്‍ അക്കൗണ്ട്
കേസില്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത മൂന്നുപേര്‍ നിരപരാധികളാണെന്നും ഇയാള്‍ അവകാശപ്പെട്ടു
ന്യൂഡല്‍ഹി | മുസ്‌ലിം വനിതകളെ സാമൂഹിക മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച് പ്രചരണം നടത്തുന്ന ബുള്ളി ഭായ് ആപ്പിന് പിന്നില്‍ താനാണെന്ന അവകാശവാദവുമായി ട്വിറ്റര്‍ അക്കൗണ്ട്. ഈ ഐ ഡി നേപ്പാളില്‍ നിന്നാണ് പ്രവര്‍ത്തിപ്പിക്കുന്നത് എന്നാണ് കരുതുന്നത്. ആപ്പുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത മൂന്നുപേര്‍ നിരപരാധികളാണെന്നും ഇയാള്‍ അവകാശപ്പെട്ടു.
ആപ്പിന്റെ പേരില്‍ നിരപരാധികളായ യുവാക്കളെ വേട്ടയാടിയാല്‍ ബുള്ളി ഭായ് 2.0 എന്നൊരു ആപ്പ് കൂടിയുണ്ടാവുമെന്നും ഇയാള്‍ ട്വീറ്റ് ചെയ്തു. തനിക്ക് വിമാന സൗകര്യം ഒരുക്കിയാല്‍ നേരിട്ട് വന്ന് കീഴടങ്ങാം. അറസ്റ്റിലായ മൂന്ന് പേരും തന്റെ സുഹൃത്തുക്കളാണ്. എന്നാല്‍, അവരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് താനാണ് ആപ്പ് നിര്‍മ്മിച്ചത്. ആപ്പ് നിര്‍മ്മിക്കാനുപയോഗിച്ച യൂസര്‍ നെയിം, പാസ്‌വേഡ്, സോഴ്‌സ് കോഡ് എന്നിവ പുറത്ത് വിടാന്‍ താന്‍ തയ്യാറാണെന്നും ഇയാള്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നിലവില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു വനിതയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ യുവതിയാണ് കേസില്‍ പ്രധാനപ്രതി എന്ന് മുംബൈ പോലീസ് അറിയിച്ചിരുന്നു.