Connect with us

Ongoing News

ബുംറയുടെ തിരിച്ചുവരവ്, പുതിയ ജഴ്‌സി; ആസ്‌ത്രേലിയക്കെതിരെ കരുത്ത് തെളിയിക്കാന്‍ ഇന്ത്യ

ടി 20 ലോകകപ്പിന് ഒരു മാസം മാത്രം അവശേഷിക്കെയാണ് കരുത്തരായ രണ്ട് ടീമുകള്‍ തമ്മില്‍ പോരാട്ടം നടക്കുന്നത്. അതുകൊണ്ടു തന്നെ ഇരു ടീമുകള്‍ക്കും ഇത് ഒരു 'വാംഅപ്പ്' മത്സരത്തിന്റെ ഫലം ചെയ്യും.

Published

|

Last Updated

മൊഹാലി | ഇന്ത്യ-ആസ്ത്രേലിയ ടി 20 പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ന് മൊഹാലിയിലെ പി സി എ സ്റ്റേഡിയത്തില്‍. വൈകീട്ട് ഏഴരക്കാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ലോകകപ്പിനു മുന്നോടിയായി തയ്യാറാക്കിയ പുതിയ ജഴ്സിയിലാണ് ഇന്ത്യ അങ്കത്തിനിറങ്ങുക. ഇളം നീല നിറത്തിലുള്ളതാണ് ജഴ്‌സി. കൈകള്‍ കടും നീലയും പാന്റ്‌സ് ഇളം നീലയുമാണ്. ടി 20 ലോകകപ്പിന് ഒരു മാസം മാത്രം അവശേഷിക്കെയാണ് കരുത്തരായ രണ്ട് ടീമുകള്‍ തമ്മില്‍ പോരാട്ടം നടക്കുന്നത്. അതുകൊണ്ടു തന്നെ ഇരു ടീമുകള്‍ക്കും ഇത് ഒരു ‘വാംഅപ്പ്’ മത്സരത്തിന്റെ ഫലം ചെയ്യും.

പരുക്കില്‍ നിന്ന് മുക്തനായി ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നത് ഇന്ത്യന്‍ ബൗളിംഗ് നിരയെ ശക്തമാക്കും. ഓരോ പന്തേറിലും വേരിയേഷനുകള്‍ വരുത്തുന്ന ഹര്‍ഷല്‍ പട്ടേല്‍ തിരിച്ചെത്തുന്നതും ടീമിന് ഏറെ ഗുണം ചെയ്യും. ബാറ്റിങില്‍ വിരാട് കോഹ്ലി ഫോമില്‍ തിരിച്ചെത്തിയത് ഇന്ത്യക്ക് ഏറെ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. എന്നാല്‍, മധ്യനിര ബാറ്റര്‍മാര്‍ക്ക് ഫോമിലേക്കുയരാന്‍ കഴിയാത്തതാണ് ആശങ്കയുണ്ടാക്കുന്നത്. മധ്യനിരയുടെ മോശം ഫോമാണ് ഏഷ്യാ കപ്പില്‍ തിരിച്ചടിയായിരുന്നത്. ലോകപ്പിന് മുന്നോടിയായി പിഴവുകള്‍ പരിഹരിച്ച് മുന്നൊരുക്കം നടത്താനുള്ള അവസരമാണ് ആസ്‌ത്രേലിയക്കെതിരായ മത്സരം.

അതേസമയം, സൂപ്പര്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ടീമിലില്ലാത്തത് ആസ്‌ത്രേലിയക്ക് തിരിച്ചടിയാണ്. ഇത്തവണത്തെ ഐ പി എലില്‍ മികച്ച പ്രകടനം കാഴ്ചവച്ച ടിം ഡേവിഡ് ഓസീസ് കുപ്പായത്തിലെ ഓസീസ് കുപ്പായത്തില്‍ ഇതാദ്യമായി കളത്തിലിറങ്ങിയേക്കും.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, ഹര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ.

ആസ്ത്രേലിയ: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, ടിം ഡേവിഡ്, ഗ്ലെന്‍ മാക്സ്വെല്‍, ആഷ്ടന്‍ അഗാര്‍, കാമറണ്‍ ഗ്രീന്‍, ഡാനിയല്‍ സാംസ്, ഷോള്‍ അബൊട്ട്, ജോഷ് ഇംഗ്ലിസ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, കെയ്ന്‍ റിച്ചാര്‍ഡ്സന്‍, ആദം സാംപ, നഥാന്‍ എല്ലിസ്.

 

Latest