Connect with us

Business

പതിനൊന്ന് ശതമാനം ഓഹരികള്‍ എ ഡി എക്‌സ് പ്രധാന വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള പ്രഖ്യാപനവുമായി ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ്

സെപ്തംബര്‍ 30 വെള്ളി മുതല്‍ ഒക്ടോബര്‍ നാല് ചൊവ്വ വരെയാണ് ഓഹരികള്‍ക്ക് അപേക്ഷിക്കാനുള്ള കാലയളവ്. ഒക്ടോബര്‍ 10 തിങ്കളാഴ്ചയാണ് കമ്പനി എ ഡി എക്സില്‍ ലിസ്റ്റ് ചെയ്യുക.

Published

|

Last Updated

അബൂദബി | പതിനൊന്ന് ശതമാനം ഓഹരികള്‍ അബൂദബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ച് (എ ഡി എക്‌സ്) പ്രധാന വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലിലിന്റെ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ്. മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്കന്‍ മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ ഭാഗമാകാന്‍ നിക്ഷേപകര്‍ക്ക് അവസരം നല്‍കിക്കൊണ്ടാണ് കമ്പനിയുടെ ആസൂത്രിത ലിസ്റ്റിങ്. സെപ്തംബര്‍ 30 വെള്ളി മുതല്‍ ഒക്ടോബര്‍ നാല് ചൊവ്വ വരെയാണ് ഓഹരികള്‍ക്ക് അപേക്ഷിക്കാനുള്ള കാലയളവ്. ഒക്ടോബര്‍ 10 തിങ്കളാഴ്ചയാണ് കമ്പനി എ ഡി എക്സില്‍ ലിസ്റ്റ് ചെയ്യുക.

200, 397, 665 പുതിയ ഓഹരികളും വി പി എസ് ഹെല്‍ത്ത്കെയറിന്റെ ഉടമസ്ഥതയിലുള്ള 350, 331, 555 ഓഹരികളുമാണ് നിക്ഷേപകര്‍ക്കായി ലഭ്യമാക്കുക. കമ്പനി പുറത്തിറക്കിയ പ്രോസ്‌പെക്ടസ് പ്രകാരം ഓഫര്‍ ചെയ്ത മൊത്തം ഓഹരികളില്‍ ആദ്യ വിഹിതത്തില്‍ 10 ശതമാനം രണ്ടാം വിഹിതത്തില്‍ 90 ശതമാനം എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്.

യു എ ഇയിലും ഒമാനിലും നിരവധി ആരോഗ്യ സ്ഥാപനങ്ങളാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന് കീഴിലുള്ളത്. ബുര്‍ജീല്‍, മെഡിയോര്‍, എല്‍ എല്‍ എച്ച്, ലൈഫ്കെയര്‍, തജ്മീല്‍ ബ്രാന്‍ഡുകളിലൂടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ക്ക് സമഗ്ര ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യാനുള്ള ശൃംഖലയാണ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ഡോ. ഷംഷീര്‍ 2007ല്‍ സ്ഥാപിച്ച ഗ്രൂപ്പിന് കീഴില്‍ 16 ആശുപത്രികള്‍, 23 മെഡിക്കല്‍ സെന്ററുകള്‍ (പോളിക്ലിനിക്കുകള്‍, ഡെന്റല്‍, കോസ്‌മെറ്റിക്, ഹോംകെയര്‍ സേവനങ്ങളുള്ള സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററുകള്‍, പ്രത്യേക ഓര്‍ത്തോപീഡിക് സെന്റര്‍, ഐവിഎഫ് സെന്ററുകള്‍), 15 ഫാര്‍മസികള്‍, അനുബന്ധ സേവനങ്ങള്‍ക്കായുള്ള ഏഴ് സ്ഥാപനങ്ങള്‍ എന്നിവയാണുള്ളത്.

2021-ല്‍, 1.05 ലക്ഷം പേര്‍ക്ക് കിടത്തി ചികിത്സയും 4.8 ദശലക്ഷം ഒ പി രോഗികള്‍ക്കുള്ള ചികിത്സയുമാണ് ഗ്രൂപ്പ് നല്‍കിയത്. അര്‍ബുദ പരിചരണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആരോഗ്യ സേവനങ്ങള്‍, ഓര്‍ത്തോപീഡിക്സ്, ഹൃദ്രോഗം, നട്ടെല്ല് സംബന്ധമായ ചികിത്സകള്‍, ബാരിയാട്രിക്‌സ് എന്നീ മേഖലകളിലെ സമഗ്ര സേവനങ്ങള്‍ ഇതിലുള്‍പ്പെടും. ഇന്‍-പേഷ്യന്റ് വിപണിയുടെ 17 ശതമാനവും ഔട്ട്-പേഷ്യന്റ് വിപണിയുടെ 12 ശതമാനവുമാണ് ഗ്രൂപ്പ് പ്രതിനിധീകരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ 3,351 മില്യണ്‍ ദിര്‍ഹവും ഈ വര്‍ഷം ജൂണ്‍ വരെയുള്ള ആദ്യ ആറുമാസം 1,898.4 മില്യണ്‍ ദിര്‍ഹവുമാണ് ഗ്രൂപ്പിന്റെ വരുമാനം. EBITDA യഥാക്രമം 79.1 മില്യണ്‍, 414.2 മില്യണ്‍ ദിര്‍ഹം വീതവും. 234.1 മില്യണ്‍ ദിര്‍ഹം, 152.9 മില്യണ്‍ ദിര്‍ഹം എന്നിങ്ങനെയാണ് ഈ കാലയളവിലെ അറ്റാദായം.

അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനുള്ള നീക്കം ഏറെ സന്തോഷത്തോടെയാണ് പ്രഖ്യാപിക്കുന്നതെന്നും അബുദാബി, യുഎഇ, മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ ഭാഗമാകാന്‍ നിക്ഷേപകര്‍ക്ക് മികച്ച അവസരം ഇതിലൂടെ ലഭ്യമാകുമെന്നും ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

‘ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനും ക്ലിനിക്കല്‍ മികവ് പുലര്‍ത്താനുമുള്ള ദീര്‍ഘകാല കാഴ്ചപ്പാടുകളാണ് കഴിഞ്ഞ 15 വര്‍ഷത്തെ കമ്പനിയുടെ വളര്‍ച്ചക്ക് അടിസ്ഥാനം. ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനിയുമായുള്ള (ഐ എച്ച് സി) പങ്കാളിത്തത്തിനു പിന്നാലെയുള്ള പ്രഖ്യാപനം പുതിയ കഴിവുകള്‍, മൂലധനം, പുതിയ വിപണികളിലേക്കുള്ള പ്രവേശനം എന്നിവയിലൂടെ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന് പരിവര്‍ത്തനത്തില്‍ സ്വാധീനം ചെലുത്തും. 2019-2021 കാലയളവിലെ 18 ശതമാനം സംയുക്ത വാര്‍ഷിക വരുമാന വളര്‍ച്ചയും 37 ശതമാനം EBITDA വളര്‍ച്ചയും കമ്പനിയുടെ ശക്തവും ലാഭകരവുമായ സാമ്പത്തിക പ്രകടനത്തിന്റെ പ്രതീകങ്ങളാണ്. ‘ഡോ. ഷംഷീര്‍ പറഞ്ഞു.

40 മുതല്‍ 70 ശതമാനം വരെയുള്ള പേ-ഔട്ട് അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ 2023 മുതല്‍ ലാഭ വിഹിതം നല്‍കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 2023 ന്റെ ആദ്യ പകുതിയിലെ അറ്റാദായത്തിന്റെ അടിസ്ഥാനത്തില്‍ 2023 ന്റെ രണ്ടാം പകുതിയില്‍ ആദ്യ ഇടക്കാല ലാഭവിഹിതം നല്‍കും. യു എ ഇയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (IHC) അടുത്തിടെ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ 15 ശതമാനം ഓഹരികള്‍ ഏറ്റെടുത്തിരുന്നു. സഊദി അറേബ്യയില്‍ 2030-ഓടെ 100 കോടി ഡോളര്‍ വരെ നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ കമ്പനി സഊദി നിക്ഷേപ മന്ത്രാലയവുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ഐ പി ഒ, സബ്സ്‌ക്രിപ്ഷന്‍ പ്രക്രിയ എന്നിവയെ കുറിച്ചുള്ള പ്രോസ്പെക്ടസ് വിശദമായ വിവരങ്ങള്‍ https://www.burjeelholdings.com/ipo വെബ്സൈറ്റില്‍ ലഭ്യമാണ്.

Latest