Connect with us

Business

ഗസ്സയിലെ പരുക്കേറ്റവര്‍ക്കായി രണ്ട് ദശലക്ഷം ദിര്‍ഹത്തിന്റെ മെഡിക്കല്‍ സഹായമെത്തിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്സ്

പ്രത്യേക വിമാനത്തില്‍ അല്‍-അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച സഹായം ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രിക്ക് കൈമാറി.

Published

|

Last Updated

ബുര്‍ജീല്‍ ഹോള്‍ഡിങ്സ് അല്‍-അരിഷ് എയര്‍പോര്‍ട്ടില്‍ എത്തിച്ച മെഡിക്കല്‍ സഹായം ഏറ്റുവാങ്ങാന്‍ ഈജിപ്ത് ആരോഗ്യമന്ത്രി എത്തിയപ്പോള്‍

അബൂദബി/കെയ്‌റോ | ഈജിപ്തില്‍ ചികിത്സയില്‍ കഴിയുന്ന ഗസ്സ നിവാസികള്‍ക്ക് മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഡോ. ഷംഷീര്‍ വയലിലിന്റെ നേതൃത്വത്തിലുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്സ് രണ്ട് ദശലക്ഷം ദിര്‍ഹത്തിന്റെ (4.5 കോടി രൂപ) മെഡിക്കല്‍ സഹായം കൈമാറി. റഫ അതിര്‍ത്തിയിലെ മെഡിക്കല്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി മാസങ്ങളായി തുടരുന്ന ഗ്രൂപ്പിന്റെ നടപടികളുടെ ഭാഗമാണ് സഹായം. ഇതോടൊപ്പം, അല്‍-അരിഷ് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസവും മാനസികോല്ലാസവും പകരാന്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതിയും ഗ്രൂപ്പ് സമര്‍പ്പിച്ചു.

അബൂദബിയില്‍ നിന്ന് പ്രത്യേക വിമാനം വഴി അല്‍-അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മെഡിക്കല്‍ സാമഗ്രികള്‍ ഈജിപ്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അബ്ദുല്‍ ഗഫാറും ഉദ്യോഗസ്ഥരും ഏറ്റുവാങ്ങി. ട്രോമ & എമര്‍ജന്‍സി, കാര്‍ഡിയാക്ക് അവസ്ഥകള്‍, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ഗുരുതരമായ ശസ്ത്രക്രിയകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, അനസ്‌തേഷ്യ മെഷീനുകള്‍, എക്‌സ്-റേ മെഷീനുകള്‍, ഓപ്പറേറ്റിംഗ് ടേബിളുകള്‍, ബൈപാപ്പുകള്‍, പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍, ഒടി ലൈറ്റുകള്‍, ഡയഗ്‌നോസ്റ്റിക് സെറ്റുകള്‍, മെഡിക്കല്‍ കണ്‍സ്യൂമബിളുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

മാനുഷിക ദൗത്യത്തിനുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ തുടര്‍ സഹായത്തിന് ഡോ. ഖാലിദ് അബ്ദുല്‍ ഗഫാര്‍ നന്ദി പറഞ്ഞു. അല്‍-അരിഷ് ഹോസ്പിറ്റലില്‍ സുഖം പ്രാപിക്കുന്ന ഗസ്സയില്‍ നിന്നുള്ള കൊച്ചുകുട്ടികള്‍ക്ക് ആശ്വാസമേകുന്നതാണ് ആശുപത്രിക്കുള്ളില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപിച്ച വിനോദ മേഖല. കുട്ടികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വീഡിയോ ഗെയിം സോണും കളിപ്പാട്ടങ്ങളും വിനോദോപാധികളും ഇതില്‍ അടങ്ങുന്നു.

ചികിത്സയില്‍ കഴിയുന്ന ഗസ്സയില്‍ നിന്നുള്ള കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്രമായ ആരോഗ്യം ഉറപ്പാക്കാനാണ് ശ്രമമെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനും കുട്ടികളുടെ മാനസികാരോഗ്യവും ക്ഷേമവും വര്‍ധിപ്പിക്കാനുമാണ് പിന്തുണയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈജിപ്റ്റ് ആരോഗ്യമന്ത്രി അടക്കം നിരവധി മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ആശുപത്രിയിലെ കുട്ടികള്‍ക്കായുള്ള മേഖല സന്ദര്‍ശിച്ചു.

 

 

 

Latest