Connect with us

Business

ബുര്‍ജീല്‍ ഹോള്‍ഡിങ്സ് അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു; ആദ്യ ദിനം വിപണിയില്‍ മികച്ച പ്രതികരണം

രണ്ട് ദിര്‍ഹമായിരുന്നു ലിസ്റ്റ് ചെയ്യുമ്പോള്‍ ഒരു ഓഹരിയുടെ മൂല്യം. വ്യാപാരം തുടങ്ങിയത് 2.31 ദിര്‍ഹത്തില്‍. ഇത് ആദ്യ മണിക്കൂറില്‍ 2.40 വരെ ഉയര്‍ന്നു.

Published

|

Last Updated

അബൂദബി | ഒന്നര പതിറ്റാണ്ടു കൊണ്ട് പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ കെട്ടിപ്പടുത്ത മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളിലൊന്നായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ (എ ഡി എക്സ്) വിജയകരമായി ലിസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 10ന് എ ഡി എക്സില്‍ നടന്ന ചടങ്ങില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍, എ ഡി എക്‌സ് ചെയര്‍മാന്‍ ഹിഷാം ഖാലിദ് മാലക്ക് എന്നിവര്‍ വ്യാപാരത്തിന് തുടക്കമിട്ടുകൊണ്ട് ബെല്‍ റിംഗ് ചെയ്തു.

ആദ്യ മണിക്കൂറില്‍ തന്നെ ബുര്‍ജീല്‍ ഓഹരികള്‍ക്ക് വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ട് ദിര്‍ഹമായിരുന്നു ലിസ്റ്റ് ചെയ്യുമ്പോള്‍ ഒരു ഓഹരിയുടെ മൂല്യം. വ്യാപാരം തുടങ്ങിയത് 2.31 ദിര്‍ഹത്തില്‍. ഇത് ആദ്യ മണിക്കൂറില്‍ 2.40 വരെ ഉയര്‍ന്നു. ‘ബുര്‍ജീല്‍’ ചിഹ്നത്തിന് കീഴില്‍ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ഐ എസ് ഐ എന്‍) ‘AEE01119B224’ ലാണ് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് വ്യാപാരം തുടങ്ങിയത്.

ബുര്‍ജീല്‍ ഹോള്‍ഡിങ്സിനെ എ ഡി എക്‌സ് പ്ലാറ്റ്ഫോമിലേക്ക് സ്വാഗതം ചെയ്യുന്നതായും വിജയകരമായ ഐ പി ഒക്ക് കമ്പനിയെ അഭിനന്ദിക്കുന്നതായും ചടങ്ങില്‍ സംസാരിച്ച എ ഡി എക്‌സ് ചെയര്‍മാന്‍ ഹിഷാം ഖാലിദ് മാലക് പറഞ്ഞു. വ്യക്തമായ കാഴ്ചപ്പാടും മികവിനോടുള്ള പ്രതിബദ്ധതയുമുള്ള സംരംഭകര്‍ക്കും കമ്പനികള്‍ക്കും ലിസ്റ്റ് ചെയ്യപ്പെട്ട മുന്‍നിര കമ്പനികളായി എങ്ങനെ ഉയരാം എന്നതിന്റെ ഉദാഹരണമാണ് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച അബൂദബിയില്‍ തന്നെ കമ്പനി ലിസ്റ്റ് ചെയ്യാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. ‘വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സന്നദ്ധരായ സംരംഭകര്‍ക്കും ആളുകള്‍ക്കും യു എ ഇ നല്‍കുന്ന അവസരങ്ങളുടെ തെളിവാണ് ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ വളര്‍ച്ച. നിക്ഷേപ കേന്ദ്രമെന്ന നിലയിലുള്ള അബൂദബിയുടെ പങ്ക് സുദൃഢമാക്കാനും സ്വകാര്യ മേഖലയുടെ വിപുലീകരണത്തിലൂടെ യു എ ഇയുടെ മൂലധന വിപണി ശക്തമാക്കാനുമുള്ള ശ്രമങ്ങള്‍ക്ക് ഐ പി ഒ പിന്തുണയേകും.’

എ ഡി എക്സിലെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ കമ്പനി
ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ 11 ശതമാനം ഓഹരികളാണ് പ്രാരംഭ പബ്ലിക് ഓഫറിലൂടെ (ഐ പി ഒ) ലഭ്യമാക്കിയത്. ഇതിലൂടെ കമ്പനി സമാഹരിച്ചത് 1.1 ബില്യണ്‍ ദിര്‍ഹമായിരുന്നു. ഐ പി ഒക്കുള്ള ആകെ ഡിമാന്‍ഡ് 32 ബില്യണ്‍ ദിര്‍ഹത്തിലധികമായിരുന്നു. 29 മടങ്ങ് അധിക സബ്‌സ്‌ക്രിപ്ഷന്‍. ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ ഓഹരികള്‍ക്ക് നിശ്ചയിച്ച അന്തിമ വില രണ്ട് ദിര്‍ഹമായിരുന്നു. ലിസ്റ്റ് ചെയ്യുന്ന സമയത്ത് കമ്പനിയുടെ വിപണി മൂലധനം 10.4 ബില്യണ്‍ ദിര്‍ഹം. ഓഹരി വില ഉയര്‍ന്നതോടെ ഇത് 12 ബില്യണ്‍ വരെയായി. നിലവില്‍ എ ഡി എക്സില്‍ വ്യാപാരം നടത്തുന്ന ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ കമ്പനിയായി മാറിയിരിക്കുകയാണ് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്.

അറ്റവരുമാനത്തിന്റെ 40 മുതല്‍ 70 ശതമാനം വരെയുള്ള പേ-ഔട്ട് അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് 2023 മുതല്‍ ക്യാഷ് ഡിവിഡന്റ് നല്‍കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. യു എ ഇയിലെ എല്ലാ വിഭാഗക്കാര്‍ക്കും ഉന്നത നിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2007-ല്‍ അബൂദബിയില്‍ ആദ്യ ആശുപത്രി സ്ഥാപിച്ച ബുര്‍ജീല്‍ ഹോള്‍ഡിങ്സിന് കീഴില്‍ നിലവില്‍ 16 ആശുപത്രികളും 23 മെഡിക്കല്‍ സെന്ററുകളുമടക്കം 61 ആസ്തികളാണുള്ളത്. പ്രാഥമിക തലം മുതല്‍ ക്വാറ്റര്‍നറി തലം വരെയുള്ള മെഡിക്കല്‍ ശൃംഖലയുള്ള ഗ്രൂപ്പ് സഊദി അറേബ്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ്.

നിലവില്‍ ഡോ. ഷംഷീറിന്റെ വി പി എസ് ഹെല്‍ത്ത്‌കെയര്‍ ഹോള്‍ഡിങ്സ് കമ്പനിക്ക് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സില്‍ 70 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. 15 ശതമാനം ഓഹരികള്‍ യു എ ഇയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനി (ഐ എച്ച് സി) ഏറ്റെടുത്തിരുന്നു.

 

Latest