International
അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരോഗ്യ സേവനങ്ങള്‍ക്കായി ബുര്‍ജീല്‍ ഹോള്‍ഡിങ്സിനെ തിരഞ്ഞെടുത്തു
യാത്രക്കാര്‍ക്ക് സൗജന്യമായി മികച്ച ചികിത്സ നല്‍കുന്ന ക്ലിനിക്ക് ബുര്‍ജീല്‍ തുറക്കും
അബുദാബി | ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലൊന്നായ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കൈകോര്‍ത്ത് അബുദാബി എയര്‍പോര്‍ട്‌സ് കമ്പനിയും ബുര്‍ജീല്‍ ഹോള്‍ഡിങ്സും. പ്രതിവര്‍ഷം 45 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള ശേഷിയും ഏറ്റവും പുതിയ ബയോമെട്രിക്, സ്‌ക്രീനിംഗ് സാങ്കേതികവിദ്യയുമുള്ള വിമാനത്താവളത്തില്‍ മുഴുവന്‍ സമയ ആരോഗ്യ സേവനങ്ങളിലൂടെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനണ് പ്രമുഖ കമ്പനികളുടെ പങ്കാളിത്തം.
എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനലില്‍ മുഴുവന്‍ സമയ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന ക്ലിനിക്ക് ബുര്‍ജീല്‍ ഹോള്‍ഡിങ്സിന് കീഴിലുള്ള ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി (ബിഎംസി) ഉടന്‍ തുറക്കും. ഇതിനായുള്ള കരാറില്‍ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു. വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകാതെ തന്നെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനും യാത്രാ തടസ്സങ്ങള്‍ കുറക്കാനുമാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് യാത്രക്കാരുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനുള്ള സൗജന്യ ചികിത്സ ഇവിടെ ലഭ്യമാക്കും. ആശുപത്രി പ്രവേശനം ആവശ്യമുള്ളവരെ എയര്‍പോര്‍ട്ടിന് അടുത്തുള്ള ബിഎംസിയിലേക്ക് മാറ്റും.
സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സുമായും ബിഎംസിയുമായും പങ്കാളികളാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അബുദാബി എയര്‍പോര്‍ട്ട്സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എലീന സോര്‍ലിനി പറഞ്ഞു. വിമാനത്താളവത്തിലെത്തുന്ന യാത്രക്കാര്‍ക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുമെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ വ്യക്തമാക്കി. എലീന സോര്‍ലിനിയും , ഡോ.ഷംഷീറുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.