Connect with us

Business

സൗദി അറേബ്യയിൽ പ്രവർത്തനം വിപുലമാക്കാൻ ധാരണാപത്രത്തിൽ ഒപ്പുവച്ച് ബുർജീൽ ഹോൾഡിംഗ്‌സ്

ലക്ഷ്യമിടുന്നത് 1 ബില്യൺ ഡോളറിന്റെ (3.75 ബില്യൺ റിയാൽ) നിക്ഷേപം

Published

|

Last Updated

അബുദബി / റിയാദ് | സൗദി അറേബ്യയിൽ പ്രവർത്തനം ശക്തമാക്കാനുള്ള പദ്ധതിയുമായി മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാവായ ബുർജീൽ ഹോൾഡിംഗ്‌സ്. ആരോഗ്യ മേഖലയിലേത് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളുമായി കൈകോർത്തുള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമായി ബുർജീൽ ഹോൾഡിംഗ്‌സ് സൗദി നിക്ഷേപ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവച്ചു. 2030-ഓടെ സൗദിയിൽ 1 ബില്യൺ ഡോളർ വരെ നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.

യുഎഇയിലും ഒമാനിലുമായി 39 ആശുപത്രികളും മെഡിക്കൽ സെന്ററുകളുമുള്ള ബുർജീൽ ഹോൾഡിംഗ്‌സ്, സൗദിയിലുടനീളം വിവിധ ആരോഗ്യ സേവന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും സംയുക്ത സംരംഭങ്ങളിലൂടെയും പൊതു- സ്വകാര്യ പങ്കാളിത്ത മോഡലുകളിലൂടെയും നിക്ഷേപാവസരങ്ങൾ തേടും. സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററുകൾ, ഡേ സർജറി സെന്ററുകൾ, ഡിജിറ്റൽ ആരോഗ്യ സംരംഭങ്ങൾ, സമഗ്ര സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, ക്ലിനിക്കൽ റിസർച്ച് പദ്ധതികൾ എന്നിവ ഇതിലുൾപ്പെടും. അർബുദ പ്രതിരോധം, നിർണ്ണയം, ചികിത്സ എന്നീ മേഖലകളിലെ ഗവേഷണ പദ്ധതികൾക്കും ബുർജീൽ ഹോൾഡിംഗ്‌സ് വിപുലീകരണ പദ്ധതികളിൽ പരിഗണ നൽകും.

ആരോഗ്യ സേവന മേഖലയ്ക്ക് പുറമെ മാനുഷിക സഹായ യജ്ഞങ്ങൾ, അന്താരാഷ്ട്ര ആരോഗ്യരംഗത്തെ സന്നദ്ധപ്രവർത്തനങ്ങൾ എന്നിവയ്ക്കായി ബുർജീൽ ഹോൾഡിംഗ്‌സ് മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കും. വിപുലീകരണ പദ്ധതിയുടെ ഭാഗമായി സൗദിയിലെ സ്വകാര്യ മേഖലയിലെ വിവിധ സേവനദാതാക്കളുമായും പ്രമുഖ പൊതുമേഖലാ ആശുപത്രികളുമായുള്ള ബുർജീൽ ഹോൾഡിംഗ്‌സിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. വരും മാസങ്ങളിൽ സഹകരണ കരാറുകളിൽ ഒപ്പുവയ്ക്കാനാണ് ശ്രമം.

ബുർജീൽ ഹോൾഡിംഗ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന സുപ്രധാന വിപണിയാണ് സൗദി അറേബ്യയെന്നും നിക്ഷേപ മന്ത്രാലയവുമായുള്ള ഈ ധാരണാപത്രത്തിൽ ഏറെ പ്രതീക്ഷയുണ്ടെന്നും ബുർജീൽ ഹോൾഡിംഗ്‌സിന്റെ സ്ഥാപകനും സിഇഒയുമായ ഡോ.ഷംഷീർ വയലിൽ പറഞ്ഞു. “സൗദിയിലേക്കുള്ള പ്രവേശനത്തിലെ സുപ്രധാന ചുവടുവയ്പാണിത്. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും വിഷൻ 2030ന്റെ അവിഭാജ്യ ഘടകമായ ആരോഗ്യ മേഖലയിലേക്ക് വൈദഗ്ധ്യം കൊണ്ടുവരുന്നതിനുള്ള നിരവധി അവസരങ്ങളുടെ ഭാഗമാകുന്നതിലും അഭിമാനമുണ്ട്.”

2007-ൽ സ്ഥാപിതമായ ബുർജീൽ ഹോൾഡിംഗ്സ് അർബുദ ചികിത്സ, ഓർത്തോപീഡിക്‌സ്, ദീർഘകാല പരിചരണം, പുനരധിവാസം, മാതൃ ശിശു പരിപാലനം, എന്നിവയിൽ മുൻനിരയിലാണ്. ഈ മേഖലയിലെ സമഗ്ര ശേഷി സൗദിയിൽ ഉപയോഗപ്പെടുത്താനും വികസിപ്പിക്കാനാണ് ബുർജീൽ ഹോൾഡിംഗ്‌സിന്റെ നീക്കം.

2021 ലെ സാമ്പത്തിക റിപ്പോർട്ട് അടുത്തിടെ പുറത്തുവിട്ട ഗ്രൂപ്പ് റെക്കോർഡ് വളർച്ച റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വിപുലീകരണ പദ്ധതികൾ പ്രഖ്യാപിക്കുന്നത്. 2021 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ വരുമാനം 3,351 ദശലക്ഷം ദിർഹമാണ്. 2019-2021 കാലയളവിൽ 18% സംയുക്ത വാർഷിക വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്.

---- facebook comment plugin here -----

Latest