Uae
എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ അഞ്ച് അംഗീകാരങ്ങൾ നേടി ബുർജീൽ ഹോൾഡിങ്സ്; ഗ്രൂപ്പിലെ മലയാളി നഴ്സിന് 17 ലക്ഷം രൂപയുടെ സമ്മാനം
ബുർജീൽ, എൽഎൽഎച്ച് ഹോസ്പ്പിറ്റലുകൾക്കൊപ്പം ഔട്ട്സ്റ്റാന്ഡിങ് വർക്ക്ഫോഴ്സ് വിഭാഗത്തിൽ പുരസ്കാരം നേടിയത് മലയാളി നഴ്സ് മായ ശശീന്ദ്രൻ
അബുദാബി | യുഎഇയിലെ തൊഴില്‍ രംഗത്തെ ഏറ്റവും വലിയ പുരസ്‌കാരമായ എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡില്‍ അഞ്ചു പുരസ്‌കാരങ്ങളുടെ ഉ46 തിളക്കത്തില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്. ആരോഗ്യ സാമൂഹ്യ പ്രവര്‍ത്തനമേഖലയില്‍ ഗ്രൂപ്പിന് കീഴിലുള്ള എല്‍എല്‍എച്ച് ഹോസ്പിറ്റലും, ബുര്‍ജീല്‍ ഹോസ്പിറ്റലും ആദ്യ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഔട്ട്സ്റ്റാന്ഡിങ് വര്‍ക്‌ഫോഴ്‌സ് വിഭാഗത്തില്‍ മുസഫയിലെ എല്‍എല്‍എച്ച് ആശുപത്രിയില്‍ നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ മായ ശശീന്ദ്രന്‍, ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ബനിയാസിലെ എച്ച്എസ്ഇ സൂപ്പര്‍വൈസര്‍ ഭരത് കുമാര്‍, അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. നഷ്വ ബഹാ എല്‍-ദിന്‍ എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയ മായയ്ക്ക് 75,000 ദിര്‍ഹം (17 ലക്ഷം രൂപ) സമ്മാനത്തുകയായി ലഭിച്ചു.
പതിമൂന്നു വര്‍ഷങ്ങളോളമായി യുഎഇ യിലെ ആരോഗ്യരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന മായ പത്തനംതിട്ടയിലെ കൂടല്‍ സ്വദേശിനിയാണ്. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബുദാബിയില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍ ഒന്നാമത്തെത്തിയ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം നല്‍കി.ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ബുര്‍ജീല്‍ ജീവനക്കാരുടെ അര്‍പ്പണമനോഭാവത്തിനും, സുസ്ഥിരവും ആരോഗ്യകരവുമായ തൊഴില്‍ മേഖല വാര്‍ത്തെടുക്കാനുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധതക്കുമുള്ള പുരസ്‌കാരമാണിതെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് എമിറേറ്റൈസേഷന്‍ ആന്‍ഡ് അക്കാദമിക്‌സ് ഗ്രൂപ്പ് ഡയറക്ടര്‍ തഹാനി അല്‍ ഖാദിരി പറഞ്ഞു.
വിവിധ വിഭാഗങ്ങളിലായി ലഭിച്ച 7,700 അപേക്ഷകളില്‍ നിന്നാണ് കമ്പനികളും വ്യക്തികളും ഉള്‍പ്പെടുന്ന വിജയികളെ തിരഞ്ഞെടുത്തത്. തൊഴിലവസരങ്ങള്‍, തൊഴില്‍ ശാക്തീകരണം, ജോലി സ്ഥലത്തെ ആരോഗ്യം, സുരക്ഷ, സര്‍ഗാത്മകത, നവീകരണം, കഴിവുകള്‍ കണ്ടെത്തല്‍, വേതനം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങി സമഗ്രവും സംയോജിതവുമായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വിദഗ്ദ്ധ സമിതികള്‍ അപേക്ഷകള്‍ വിലയിരുത്തിയത്.