Business
ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ വീക്കില്‍ ആകര്‍ഷണമായി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുടെ പവലിയന്‍
ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ആരോഗ്യസേവനം മെച്ചപ്പെടുത്തുന്നതിനായി അബൂദബി കസ്റ്റംസുമായി ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
അബൂദബി | അബൂദബിയില്‍ ആരംഭിച്ച ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ വീക്കില്‍ ആകര്‍ഷണമായി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുടെ (ബി എം സി) പവലിയന്‍. മെഡിക്കല്‍ രംഗത്തെ മികവുകളുടെയും സുപ്രധാന പങ്കാളിത്തങ്ങളുടെയും വേദിയായി ഇവിടം മാറി.
ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ ആരോഗ്യ രംഗത്തെ പ്രമുഖ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. ഉന്നത നേതാക്കളുടെ സന്ദര്‍ശനങ്ങളും ഉള്‍ക്കാഴ്ചയുള്ള പാനല്‍ ചര്‍ച്ചകളാലും സമ്പന്നമായി ആദ്യ ദിനമായ തിങ്കളാഴ്ച. ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ആരോഗ്യസേവനം മെച്ചപ്പെടുത്തുന്നതിനായി അബൂദബി കസ്റ്റംസുമായി ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
മെഡിക്കല്‍ സേവന കരാര്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയതിന് യു എ ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിനെ ആദരിച്ചു. ഉന്നത തലത്തിലുള്ളവരുടെ സന്ദര്‍ശനങ്ങള്‍ കൊണ്ടും സമ്പന്നമായിരുന്നു ആദ്യ ദിനം.
അബൂദബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ മന്‍സൂര്‍ അല്‍ മന്‍സൂരി, ഡി ഒ എച്ച് പ്രതിനിധി സംഘം, ഈജിപ്ത് ആരോഗ്യ, ജനസംഖ്യാ മന്ത്രി ഖാലിദ് അബ്ദല്‍ ഗഫാര്‍ ബി എം സി ബൂത്തില്‍ ചര്‍ച്ചകള്‍ക്കായെത്തി. വ്യക്തിഗത കാന്‍സര്‍ ചികിത്സ, സര്‍ജിക്കല്‍ പാത്തോളജിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പങ്ക്, ഗര്‍ഭപിണ്ഡ ശസ്ത്രക്രിയ എന്നീ വിഷയങ്ങളില്‍ ബി എം സിയിലെയും ലോകമെമ്പാടുമുള്ള മറ്റു പ്രശസ്ത സ്ഥാപനങ്ങളിലെയും വിദഗ്ധര്‍ പവലിയനില്‍ ചര്‍ച്ചകള്‍ നയിച്ചു. ഇനിയുള്ള രണ്ടു ദിവസങ്ങളില്‍ വിപുലമായ ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ബി എം സി പവലിയന്‍ വേദിയാകും.