Uae
യുഎഇയില്‍ കുട്ടികളിലെ ആദ്യ ലിവിംഗ് ഡോണര്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി; കരള്‍ നല്‍കിയത് അച്ഛന്‍
നാല് വയസുകാരി റസിയ ഖാനാണ് ചരിത്രമെഴുതിയ ശസ്ത്രക്രിയക്ക് വിധേയയായത്.
അബൂദബി | നാല് വയസുകാരി റസിയ ഖാന് അച്ഛന്‍ ഇമ്രാന്‍ ഖാന്‍ കരള്‍ പകുത്തു നല്‍കിയപ്പോള്‍ എഴുതിയത് ചരിത്രം. യുഎഇ യില്‍ കുട്ടികളിലെ ആദ്യ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സ്വീകര്‍ത്താവായ റസിയ അപൂര്‍വ കരള്‍ രോഗത്തെയാണ് കരള്‍ മാറ്റ ശസ്ത്രക്രിയയിലൂടെ അതിജീവിച്ചത്. രാജ്യത്ത്, ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്ന് കരള്‍ സ്വീകരിച്ചു നടത്തുന്ന കുട്ടികളിലെ ആദ്യ ശസ്ത്രക്രിയ കൂടിയാണിത്. അബുദാബിയിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ (ബിഎംസി) നടത്തിയ കരള്‍മാറ്റ ശസ്ത്രക്രിയ യുഎഇയുടെ മെഡിക്കല്‍ മേഖലയില്‍ സുപ്രധാന നാഴികക്കല്ലാണ്. ഇന്ത്യയിലെ ഹൈദരാബാദില്‍ നിന്നും യുഎഇ യില്‍ പതിനാലു വര്‍ഷങ്ങള്‍ മുമ്പ് എത്തിയതാണ് റസിയയുടെ കുടുംബം.
പ്രോഗ്രസീവ് ഫാമിലിയല്‍ ഇന്‍ട്രാഹെപാറ്റിക് കൊളസ്റ്റാസിസ് ടൈപ്പ് 3 (Progressive Familial Intrahepatic Cholestasis type 3) എന്ന അപൂര്‍വമായ ജനിതക കരള്‍ രോഗം വെല്ലുവിളിയായി റസിയയുടെ ജീവിതത്തില്‍ എത്തിയത് ജനിച്ചു മൂന്നാം മാസമാണ്. ജനിതക മാറ്റം മൂലമുണ്ടാകുന്ന ഈ അവസ്ഥ പിത്തരസത്തിലെ ആസിഡുകളുടെയും മറ്റു ഘടകങ്ങളുടെയും രൂപീകരണത്തിലും സ്രവണത്തിലും അസാധാരണത സൃഷ്ടിക്കുന്നതിലൂടെ ആത്യന്തികമായി കരളിന് കേടുപാടുകള്‍ വരുത്തും. വളര്‍ച്ച മുരടിക്കല്‍, കരള്‍ സംബദ്ധമായ സങ്കീര്‍ണതകള്‍ എന്നീ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ഈ അവസ്ഥയെ മറികടക്കാനുള്ള ഏക മാര്‍ഗം കരള്‍ മാറ്റിവയ്ക്കല്‍ മാത്രമാണ്.
മൂന്ന് വര്‍ഷം മുമ്പ് തങ്ങളുടെ ആദ്യ മകളെ ഇതേ അവസ്ഥയില്‍ നഷ്ടപ്പെട്ട റസിയയുടെ മാതാപിതാക്കള്‍ക്ക് ഈ രോഗത്തിന്റെ വിനാശകരമായ ഫലങ്ങളെക്കുറിച് കൃത്യമായ ധാരണയുണ്ടായിരുന്നു. രണ്ടാമത്തെ മകളെ ഗുരുതര രോഗത്തില്‍ നിന്നും രക്ഷപെടുത്തണമെന്ന തീവ്രമായ ആഗ്രഹമാണ് യുഎഇ യില്‍ ട്രേഡിംഗ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന ഇമ്രാന്‍ ഖാനെയും ഭാര്യയെയും ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചത്.
കണ്ണുകളിലെ മഞ്ഞ നിറം, മോണയിലെ രക്തസ്രാവം, കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ റസിയ പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ അവര്‍ ചികിത്സ തേടുകയും, കരള്‍ മാറ്റിവയ്ക്കാനുള്ള പ്രായമാകുന്നതു വരെയുള്ള പതിവ് പരിശോധനകള്‍ മുടങ്ങാതെ ചെയ്യുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ റസിയയുടെ അവസ്ഥ വഷളായിമാറി.മൂന്ന് മാസം മുമ്പ് നടത്തിയ പതിവ് പരിശോധനയില്‍ റസിയയുടെ കരള്‍ വലുതായതായി കണ്ടെത്തുകയും ഡോക്ടര്‍മാര്‍ ട്രാന്‍സ്പ്ലാന്റ് നിര്‍ദേശിക്കുകയും ചെയ്തു. ബിഎംസിയില്‍ സേവനം ലഭ്യമാണെന്നറിഞ്ഞപ്പോള്‍ ട്രാന്‍സ്പ്ലാന്റ് സംഘവുമായി ആലോചിച്ച് കുടുംബം ശസ്ത്രക്രിയക്ക് തയ്യാറാവുകയായിരുന്നു.
ബുര്‍ജീല്‍ അബ്‌ഡോമിനല്‍ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാമിന്റെ ട്രാന്‍സ്പ്ലാന്റ് സര്‍ജറി ഡയറക്ടര്‍ ഡോ. റെഹാന്‍ സൈഫിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഇന്ത്യയില്‍ വേരുകളുള്ള ഡോ. സൈഫ് നയിച്ച ബിഎംസിയിലെ ട്രാന്‍സ്പ്ലാന്റ് ടീം 12 മണിക്കൂറില്‍ ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തി. അബ്‌ഡോമിനല്‍ ട്രാന്‍സ്പ്ലാന്റ്, ഹെപ്പറ്റോ-പാന്‍ക്രിയാറ്റിക്കോ-ബിലിയറി സര്‍ജന്‍ ഡോ. ജോണ്‍സ് മാത്യു, ജനറല്‍ സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. ഗൗരബ് സെന്‍, ട്രാന്‍സ്പ്ലാന്റ് അനസ്‌തേഷ്യയിലെ ഡോ. രാമമൂര്‍ത്തി ഭാസ്‌കരനും സംഘവും, പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലെ കണ്‍സള്‍ട്ടന്റ് ഡോ. കേശവ രാമകൃഷ്ണനും സംഘവും, പീഡിയാട്രിക് റേഡിയോളജിസ്റ്റ് ഡോ. ശ്യാം മോഹന്‍ എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.
അച്ഛന്‍ ദാതാവാകുന്നു; പ്രതീക്ഷ പിറക്കുന്നു
കുടുംബത്തിലെ പലരും മുന്നോട്ട് വന്നെങ്കിലും ഒരു പിതാവെന്ന നിലയില്‍, റസിയ്ക്കു വേണ്ടി കരള്‍ പകുത്തു നല്‍കാന്‍ ഖാന്‍ തീരുമാനിക്കുകയായിരുന്നു. ജീവന്‍ രക്ഷ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ പ്രതീക്ഷയുടെ പുതു നാമ്പാണ് റസിയയ്ക്കും കുടുംബത്തിനും നല്‍കിയത്.യുഎഇ യുടെ മെഡിക്കല്‍ ചരിത്രത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ റസിയയുടെ ശസ്ത്രക്രിയ വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയുടെയും മാതാപിതാക്കളുടെ സ്‌നേഹത്തിന്റെയും അടയാളപ്പെടുത്തലാണ്.